സൗദിയിലെ വിമാനത്താവളങ്ങൾ വഴി യാത്രചെയ്തവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന

By Web TeamFirst Published Mar 19, 2019, 11:04 AM IST
Highlights

2018ൽ സൗദിയിലെ വിമാനത്താവളങ്ങൾ വഴി യാത്രചെയ്തത് 9.98 കോടി യാത്രക്കാരാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് അറിയിച്ചത്. ഇതിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തത് 9.73 കോടി യാത്രക്കാരും ആഭ്യന്തര വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തത് 26 ലക്ഷം പേരുമാണ്. 

റിയാദ്: സൗദിയിലെ വിമാനത്താവളങ്ങൾ വഴി യാത്രചെയ്തവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന. പത്തു കോടിയോളം പേരാണ് കഴിഞ്ഞ വർഷം യാത്ര ചെയ്തത്. അന്താരാഷ്ട്ര സർവീസുകളിൽ ഏറ്റവും കൂടുതൽ ആളുകൾ സൗദിയില്‍ നിന്ന് യുഎഇയിലേക്കാണ് യാത്ര ചെയ്തത്. ഇന്ത്യ ഈ പട്ടികയില്‍ നാലാം സ്ഥാനത്താണ്.

2018ൽ സൗദിയിലെ വിമാനത്താവളങ്ങൾ വഴി യാത്രചെയ്തത് 9.98 കോടി യാത്രക്കാരാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് അറിയിച്ചത്. ഇതിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തത് 9.73 കോടി യാത്രക്കാരും ആഭ്യന്തര വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തത് 26 ലക്ഷം പേരുമാണ്. രാജ്യത്തെ വിമാനത്താവളങ്ങൾ വഴി   7.71 ലക്ഷം ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകളാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്.

2017നെ അപേക്ഷിച്ച് 2018ൽ യാത്രക്കാരുടെ എണ്ണത്തിൽ എട്ട് ശതമാനത്തിന്റെ വർദ്ധനവും വിമാന സർവീസുകളുടെ എണ്ണത്തിൽ 4.1 ശതമാനത്തിന്റെ വർദ്ധനവുമാണുണായത്. ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്തത് ജിദ്ദ കിങ് അബ്ദുൾ അസീസ് അന്താരാഷ്ട്ര വിമാനത്താവളംവഴിയാണ്. 3.58 കോടി യാത്രക്കാരാണ് കിങ് അബ്ദുൾ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഴിഞ്ഞ വർഷം യാത്രചെയ്തത്.

സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകളിൽ ഏറ്റവും കൂടുതൽ പേര് യാത്രചെയ്തത് യുഎയിലേക്കാണെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. രണ്ടാം സ്ഥാനത്ത് ഈജിപ്തും മൂന്നാം സ്ഥാനത്ത് പാകിസ്ഥാനുമാണ്. പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്താണെന്നും സിവിൽ ഏവിയേഷൻ അതോരിറ്റി വ്യക്തമാക്കി.

click me!