
റിയാദ്: സൗദി അറേബ്യയും ചൈനയും സാംസ്കാരിക സഹകരണത്തിൽ പുതിയ അധ്യായം കുറിച്ചു. സംസ്കാരിക പങ്കാളിത്തം വികസിപ്പിക്കുന്നതിന് നിരവധി കരാറുകളിൽ ഒപ്പുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി നടത്തിയ ബീജിങ് സന്ദർശനത്തിനിടെയാണ് സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാനും ചൈനീസ് സാംസ്കാരിക ടൂറിസം മന്ത്രി സൺ യാലിയും കരാറുകളിൽ ഒപ്പുവെച്ചത്.
മ്യൂസിയങ്ങൾ, സാംസ്കാരിക പൈതൃകം, തിയറ്റർ, പെർഫോമിങ് ആർട്സ്, വിഷ്വൽ ആർട്സ്, ആർക്കിടെക്ചർ ആൻഡ് ഡിസൈൻ, ലൈബ്രറികൾ, പരമ്പരാഗത കരകൗശല കലകൾ എന്നീ മേഖലകളിലെ സഹകരണം ഉൾപ്പെടുന്നു. കൂടാതെ വിവിധ സാംസ്കാരിക മേഖലകളിലെ സംയുക്ത പദ്ധതികളിലെ അനുഭവങ്ങൾ കൈമാറുക, സാംസ്കാരിക വശവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നയങ്ങളും കൈമാറ്റം ചെയ്യുക. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉത്സവങ്ങളിലും സാംസ്കാരിക പരിപാടികളിലും പങ്കാളിത്തം കൈമാറുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ സുഗമമാക്കുക, ഇരു രാജ്യങ്ങളിലെയും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കിടയിൽ കലാപരമായ റസിഡൻസി പരിപാടികൾ സജീവമാക്കുക, എല്ലാ തരത്തിലുമുള്ള പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികളിലെ അനുഭവങ്ങൾ കൈമാറുക, ഇരു രാജ്യങ്ങളിലും സാംസ്കാരിക പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കുക എന്നിവയാണ് ധാരണയിലുള്ളത്.
‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിലൊന്നായ അന്താരാഷ്ട്ര സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാംസ്കാരിക മന്ത്രാലയത്തിന്റെ താൽപ്പര്യത്തിന്റെ ഭാഗമാണ് ഈ ധാരണ. എല്ലാ മേഖലകളിൽ ഇരുരാജ്യങ്ങളിലും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷി ബന്ധങ്ങളുടെ അടിസ്ഥാനത്തിലുമാണ്. സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സൗദിയിലെ സാംസ്കാരിക സംവിധാനവും നിരവധി ചൈനീസ് സാംസ്കാരിക സംഘടനകളും തമ്മിൽ നിലവിലുള്ള സാംസ്കാരിക സഹകരണം വർധിപ്പിക്കുന്നതിനുമായി കഴിഞ്ഞ ദിവസമാണ് സൗദി സാംസ്കാരിക മന്ത്രി ബീജിങ്ങിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam