ഹജ്ജ്, ഉംറ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ

By Web TeamFirst Published Mar 9, 2021, 2:42 PM IST
Highlights

മക്ക, മദീന നഗരങ്ങളില്‍ താമസ സൗകര്യങ്ങള്‍ അനുവദിക്കുന്ന മുന്‍സിപ്പല്‍ വാണിജ്യ പ്രവര്‍ത്തന ലൈസന്‍സുകളുടെ വാര്‍ഷിക ഫീസ് ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി നല്‍കി. രണ്ട് നഗരങ്ങളിലെയും താമസ സൗകര്യങ്ങള്‍ക്കായി ടൂറിസം മന്ത്രാലയ ലൈസന്‍സ് പുതുക്കാനുള്ള ഫീസ് ഒരു വര്‍ഷത്തേക്ക് സൗജന്യമാക്കി.

റിയാദ്: സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇളവുകള്‍ അനുവദിച്ച് ഭരണാധികാരി സല്‍മാന്‍ രാജാവ്. ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്കുള്ള ലെവി അടയ്ക്കാന്‍ ആറുമാസത്തെ ഇളവ് നല്‍കി.

മക്ക, മദീന നഗരങ്ങളില്‍ താമസ സൗകര്യങ്ങള്‍ അനുവദിക്കുന്ന മുന്‍സിപ്പല്‍ വാണിജ്യ പ്രവര്‍ത്തന ലൈസന്‍സുകളുടെ വാര്‍ഷിക ഫീസ് ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി നല്‍കി. രണ്ട് നഗരങ്ങളിലെയും താമസ സൗകര്യങ്ങള്‍ക്കായി ടൂറിസം മന്ത്രാലയ ലൈസന്‍സ് പുതുക്കാനുള്ള ഫീസ് ഒരു വര്‍ഷത്തേക്ക് സൗജന്യമാക്കി. ഈ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ താമസരേഖ പുതുക്കാനുള്ള ഫീസ് ആറുമാസത്തേക്ക് ഒഴിവാക്കി. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തവണകളായി ഇത് അടയ്ക്കണം.

തീര്‍ത്ഥാടകരുടെ യാത്രകള്‍ക്കായി സ്ഥാപനങ്ങള്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ ലൈസന്‍സ് ഫീസ് ഒരു വര്‍ഷത്തേക്ക് സൗജന്യമാക്കി. ഈ വര്‍ഷത്തെ ഹജ്ജിനായി ഒരുക്കുന്ന പുതിയ ബസുകളുടെ കസ്റ്റംസ് തീരുവ മൂന്ന് മാസത്തേക്ക് നീട്ടിവെക്കും. നിശ്ചിത തീയതി മുതല്‍ നാല് മാസത്തെ കാലയളവില്‍ തവണകളായി ഇത് അടച്ചുതീര്‍ത്താല്‍ മതി. കൊവിഡ് പശ്ചാത്തലത്തില്‍ ഈ മേഖലയിലുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കുറയ്ക്കുക ലക്ഷ്യമിട്ടാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്.
 

click me!