
റിയാദ്: സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിൽ പുതിയ ഫോറസ്റ്റ് റിസർച്ച് സെൻററിെൻറ (വനഗവേഷണ കേന്ദ്രം) നിർമ്മാണത്തിന് തുടക്കമായി. 4.67 കോടിയലധികം സൗദി റിയാൽ ചെലവഴിച്ച് നിർമ്മിക്കുന്ന ഈ വൻകിട പദ്ധതിയുടെ തറക്കല്ലിടൽ ജിസാൻ ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് നിർവ്വഹിച്ചു. ഡെപ്യൂട്ടി ഗവർണറും പരിസ്ഥിതി മേഖലയിലെ പ്രമുഖ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
കാടുകളിലെ മരങ്ങൾ, കണ്ടൽക്കാടുകൾ, മലയോര മേഖലകളിലെയും തീരദേശങ്ങളിലെയും സസ്യങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി പഠിക്കാനും ഗവേഷണം നടത്താനുമാണ് ഈ കേന്ദ്രം സ്ഥാപിക്കുന്നത്. അതോടൊപ്പം, വിവിധയിനം വിത്തുകളുടെ സംരക്ഷണം, സസ്യങ്ങളുടെ ജനിതക സവിശേഷതകൾ, അന്തരീക്ഷത്തിലെ കാർബൺ അളവ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങൾ എന്നിവയ്ക്കും പദ്ധതി മുൻഗണന നൽകും. 33,200 ചതുരശ്ര മീറ്റർ കൂറ്റൻ വിസ്തൃതിയിലാണ് ഈ കേന്ദ്രം ഉയർന്നുവരുന്നത്. അത്യാധുനിക ലബോറട്ടറികൾ, ഗവേഷണ സൗകര്യങ്ങൾ, സന്ദർശകർക്കായി വിസിറ്റേഴ്‌സ് സെന്റർ, പ്രകൃതി മനോഹരമായ ഇക്കോ പാർക്ക് എന്നിവയും ഇതിൽ ഉൾപ്പെടും. ശാസ്ത്രീയ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സാധാരണക്കാരിൽ പരിസ്ഥിതി അവബോധം വളർത്താനും ഇത് സഹായിക്കും.
സൗദിയിലെ സസ്യസമ്പത്ത് വർദ്ധിപ്പിക്കാനും മരുഭൂവൽക്കരണത്തിനെതിരെ പോരാടാനും പ്രവർത്തിക്കുന്ന 'നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്‌മെന്റ്' ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ 'വിഷൻ 2030', സൗദിയെ പച്ചപ്പണിയിക്കുന്ന 'സൗദി ഗ്രീൻ ഇനിഷ്യേറ്റീവ്' എന്നിവയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ ഗവേഷണ കേന്ദ്രം നിർണായക പങ്കുവഹിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam