
റിയാദ്: ഇന്ത്യയുടെ സ്വന്തം കോവാക്‌സിൻ എടുത്തവർക്ക് ഇനി ആശ്വസിക്കാം. കൊവാക്സിനും (Covaxin) സ്‍പുട്നികും (Sputnik) ഉള്‍പ്പെടെ നാല് കൊവിഡ് വാക്‌സിനുകൾക്ക് (Covid vaccines) കൂടി സൗദി അറേബ്യ (Saudi Arabia) അംഗീകാരം നല്‍കി. ചൈനയുടെ സിനോഫാം (Sinopharm), സിനോവാക് (Sinovac), ഇന്ത്യയുടെ കോവാക്‌സിൻ, റഷ്യയുടെ സ്‍പുട്നിക് വാക്‌സിനുകൾക്ക് ആണ് പുതിയതായി അംഗീകാരം നൽകിയത്.
അംഗീകാരമുള്ള വാക്‌സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസ് സ്വീകരിക്കുന്നവർക്ക് സൗദിയിൽ പ്രവേശിക്കാവുന്നതാണ്. ഫൈസർ, മോഡേണ, അസ്ട്രാസെനിക്ക, ജോൺസൺ ആന്റ് ജോൺസൻ എന്നീ നാല് വാക്‌സിനുകൾക്കാണ് സൗദിയിൽ ഇതുവരെ അംഗീകാരം ഉണ്ടായിരുന്നത്. ഇപ്പൊൾ ആകെ എട്ട് വാക്സിനുകൾക്ക് അംഗീകാരമായി. ഫൈസർ , മോഡേണ, അസ്ട്രാസെനിക്ക വാക്‌സിനുകൾ രണ്ടു ഡോസ് വീതവും ജോണ്‍സന്‍ ആന്റ് ജോന്‍സന്‍ ഒരു ഡോസുമാണ് സ്വീകരിക്കേണ്ടത്.
സൗദിയിലെത്തി 48 മണിക്കൂറിനു ശേഷം നടത്തുന്ന പി.സി.ആർ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കണം. അംഗീകൃത വാക്‌സിൻ ഡോസുകൾ പൂർത്തിയാക്കി സൗദിയിലെത്തുന്ന ഹജ്, ഉംറ തീർഥാടകരും സന്ദർശകരും മൂന്നു ദിവസം ഇൻസ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീൻ പാലിക്കേണ്ടത് നിർബന്ധമാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. സൗദിയിലേക്ക് വരുന്ന എല്ലാവർക്കും പരിഷ്‌കരിച്ച മാനദണ്ഡങ്ങൾ ബാധകമാണെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam