സൗദിയിൽ തൊഴിൽ, താമസ വിസാ നിയമങ്ങൾ ലംഘിച്ച 10,850 പ്രവാസികൾ കൂടി പിടിയിൽ

By Web TeamFirst Published May 17, 2022, 8:02 PM IST
Highlights

മെയ് അഞ്ച് മുതൽ മെയ് 11 വരെയുള്ള കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജവാസത്തും നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്.

റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ, താമസ വിസാ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 10,850 പ്രവാസികൾ കൂടി പിടിയിലായി. ഒരാഴ്‍ചയ്‍ക്കിടെയാണ് രാജ്യത്തിന്റെ വിവിധ മേഖലകളിൽനിന്ന് ഇത്രയധികം പേർ അറസ്റ്റിലായത്. ലംഘിച്ച 10,850 പേരെ അറസ്റ്റ് ചെയ്‍തു. 

മെയ് അഞ്ച് മുതൽ മെയ് 11 വരെയുള്ള കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജവാസത്തും നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്. പിടിയിലായവരിൽ 6,565 താമസ നിയമ ലംഘകരും 3,012 അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചവരും 1,273 തൊഴിൽ നിയമലംഘകരും ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തി വഴി കടക്കാൻ ശ്രമിക്കുന്നതിനിടെ 56 പേരെയും അറസ്റ്റ് ചെയ്തു. 
ഇതിൽ 35 ശതമാനം യെമൻ പൗരന്മാരും 47 ശതമാനം എത്യോപ്യക്കാരും 18 ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിയമ ലംഘകർക്ക് അഭയം നൽകിയ 14 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്‍തു. നിലവിൽ ശിക്ഷാ നടപടികൾക്ക് വിധേയരായ മൊത്തം നിയമ ലംഘകരുടെ എണ്ണം 79,313ലധികം പുരുഷന്മാരും 4,144 സ്ത്രീകളും ഉൾപ്പെടെ 83,457 പേരാണ്. 

click me!