ജീവകാരുണ്യ സഹായം: ലോകറാങ്കിങ്ങിൽ സൗദി അറേബ്യക്ക്​ അഞ്ചാം സ്ഥാനം​

By Web TeamFirst Published Jan 12, 2020, 9:31 AM IST
Highlights

ആഗോളതലത്തിൽ മനുഷ്യത്വ, ജീവകാരുണ്യ, റിലീഫ് രംഗങ്ങളിൽ ഏറ്റവും കൂടുതൽ സഹായം നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ അഞ്ചാം സ്ഥാനത്ത്

റിയാദ്​: ആഗോളതലത്തിൽ മനുഷ്യത്വ, ജീവകാരുണ്യ, റിലീഫ് രംഗങ്ങളിൽ ഏറ്റവും കൂടുതൽ സഹായം നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ അഞ്ചാം സ്ഥാനത്ത്​. അറബ്​ ലോകത്ത്​ ഒന്നാം സ്ഥാനത്തും ലോകതലത്തിൽ അഞ്ചാം സ്ഥാനത്തുമാണെന്ന്​ 2019ലെ സംഭാവനകളെ മുൻനിർത്തി ഐക്യരാഷ്​ട്രസഭയുടെ ഫിനാൻഷ്യൽ ട്രാക്കിങ്​ സർവീസ്​ (എഫ്​.ടി.എസ്​) പ്രസിദ്ധീകരിച്ച റിപ്പോർട്ട്​ വ്യക്തമാക്കുന്നു.

മനുഷ്യത്വ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ വർഷം സൗദി അറേബ്യ നൽകിയ സഹായം ആകെ 1.28 ശതകോടി ഡോളറാണ്​. ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളുടെയും കൂടി സഹായത്തിന്‍റെ കണക്കെടുത്താൽ അതി​ൽ 5.5ശതമാനം സൗദി സഹായമാണ്​. അതായത്​ 2019ൽ ലോകത്താകെ ജീവകാരുണ്യത്തിനായി ചെലവഴിക്കപ്പെട്ട ആകെ തുകയുടെ അഞ്ചര ശതമാനവും സൗദി അറേബ്യ മാത്രം നൽകിയതാണ്​. ആഭ്യന്തര സംഘർഷം മൂലം ദുരിതഭൂമിയായി മാറിയ യമന്​ വേണ്ടി ഏറ്റവും കൂടുതൽ സഹായം നൽകിയ രാജ്യവും സൗദി അറേബ്യയാണ്​. 2019ൽ ലോകത്തി​െൻറ വിവിധ കോണുകളിൽ നിന്ന്​ യമനിലേക്ക്​ വന്ന ആകെ സഹായത്തി​െൻറ 31.3 ശതമാനം സൗദിയാണ്​ നൽകിയത്​, അതായത്​ 1.21 ശതകോടി ഡോളർ.

കഴിഞ്ഞവർഷം സൗദി നൽകിയ മനുഷ്യത്വ സഹായത്തി​ന്‍റെ മുന്തിയ ശതമാനവും പോയത്​ യമനിലേക്കാണ്​. അന്താരാഷ്​ട്രീയ തലത്തിൽ മനുഷ്യത്വ രംഗത്ത്​ സൗദി അറേബ്യയുടെ ആധിപത്യം ഒരു യാഥാർഥ്യമാണെന്നും ഇത്​ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും​ നൽകുന്ന നിർലോഭവും ഉദാരവുമായ പിന്തുണയുടെ ഫലമാണെന്നും രാജാവി​ന്‍റെ ഉപദേശ്ടാവും കിങ്​ സൽമാൻ ഹുമാനിറ്റേറിയൻ എയ്​ഡ്​ ആൻഡ്​ റിലീഫ്​ സെൻറർ (കെ.എസ്​. റിലീഫ്​) ജനറൽ സൂപർവൈസറുമായ ഡോ. അബ്​ദുല്ല അൽറബീഅ്​ അഭിപ്രായപ്പെട്ടു.

ആഗോള റാങ്കിങ്ങിൽ അഞ്ചാം സ്ഥാനം പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തിൽ ഡോ. റബീഅ്​ ഇരുവർക്കും അയച്ച അനുമോദന സന്ദേശത്തിൽ ഇക്കാര്യം എടുത്തുപറയുകയും ചെയ്​തു. അന്താരാഷ്​ട്രതലത്തിലെ മനുഷ്യത്വ സഹായത്തി​ന്‍റെ ഒഴുക്കിന്‍റെ സമ്പൂർണ ചിത്രം വ്യക്തമാകാനും സഹായപ്രവാഹം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ്​ ​ഐക്യരാഷ്​ട്രസഭക്ക്​ കീഴിൽ ഫിനാൻഷ്യൽ ട്രാക്കിങ്​ സർവീസ്​ പ്രവർത്തിക്കുന്നത്​. 1992ൽ ഈ ഏജൻസി സ്ഥാപിതമായത്​ മുതൽ ലോക രാജ്യങ്ങളിലെ ഗവൺമെൻറുകൾ, ഐക്യരാഷ്​ട്ര സഭയുടെ വിവിധ നാണയനിധികൾ, യു.എൻ ഏജൻസികൾ, എൻ.ജി.ഒകൾ, ഹ്യുമാനിറ്റേറിയൻ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകളും സ്ഥാപനങ്ങളും വ്യക്​തികളും, സ്വകാര്യ കമ്പനികൾ തുടങ്ങിയവയെല്ലാം ​പ്രതിവർഷം തയാറാക്കുന്ന ജീവകാരുണ്യ, റിലീഫ്​ മേഖലകളിലെ അവരുടെ പ്രവർത്തനങ്ങളും സംഭാവനകളും സംബന്ധിച്ചുള്ള മുഴുവൻ റിപ്പോർട്ടുകളും ശേഖരിച്ചാണ്​ ആഗോള റാങ്കിങ്​ റിപ്പോർട്ട്​ തയാറാക്കുന്നത്​.

click me!