
റിയാദ്: സൗദി അറേബ്യ ഇന്ന് പതാക ദിനമായി ആചരിക്കുകയാണ്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിര്‍ദേശപ്രകാരം ഈ വര്‍ഷം മുതലാണ് രാജ്യത്ത് പതാക ദിനം ആചരിച്ച് തുടങ്ങിയത്. 1937 മാർച്ച് 11-ന് (1335 ദുല്‍ഹജ്ജ് 27) അബ്ദുൽ അസീസ് രാജാവ് സൗദി പതാകക്ക് അംഗീകാരം നൽകിയ ദിവസമെന്ന നിലയ്ക്കാണ് ഈ ദിവസം പതാക ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
ഹിജ്‌റ വര്‍ഷം 1139ൽ സൗദി അറേബ്യ സ്ഥാപിതമായത് മുതൽ രാജ്യത്തിന്റെ ചരിത്രത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ദേശീയ പതാകയുടെ മൂല്യത്തിൽ നിന്നാണ് ഇങ്ങനെയൊരു ദിവസം സമർപ്പിക്കുന്നതെന്ന് രാജകീയ ഉത്തരവിൽ പറയുന്നു. രാഷ്ട്രം സ്ഥാപിക്കപ്പെട്ടത് സമാധാനത്തിന്റെയും ഇസ്ലാമിന്റെയും സന്ദേശം അടിസ്ഥാനമാക്കിയാണ്. ഏകദൈവ വിശ്വാസം, നീതി, ശക്തി, പുരോഗതി, സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്ന മഹത്തായ അര്‍ത്ഥങ്ങളുടെ പ്രതീകമാണ് രാജ്യത്തിന്റെ പതാക.
മൂന്നു നൂറ്റാണ്ടുകളായി രാജ്യത്തെ ഒരുമിപ്പിച്ചു നിര്‍ത്താനുള്ള എല്ലാ നീക്കങ്ങള്‍ക്കും സൗദി പതാക സാക്ഷ്യം വഹിച്ചു. രാജ്യത്തെ പൗരന്മാര്‍ അഭിമാനമായി ഉയർത്തിപ്പിടിക്കുന്ന ഈ പതാക രാഷ്ട്രത്തിന്റെയും അതിന്റെ ശക്തിയുടെയും പരമാധികാരത്തിന്റെയും ഐക്യത്തിന്റെയും പ്രകടനമാണെന്ന് രാജകീയ വിജ്ഞാപനത്തില്‍ പറഞ്ഞു.
ഒരിക്കലും താഴ്‍ത്താന്‍ പാടില്ലാത്ത ദേശീയ പതാകയെന്നാണ് സൗദി പതാക അറിയപ്പെടുന്നത്. സൗദി അറേബ്യയുടെ പതാക നിയമം ആര്‍ട്ടിക്കിള്‍ 13 പ്രകാരമാണ് ഇത്തരമൊരു ചട്ടം ബാധകമാവുന്നത്. ഉയര്‍ത്തിയ നാള്‍ മുതല്‍ പതാക താഴ്‍ത്താനോ അല്ലെങ്കില്‍ ഭൂമിയിലോ വെള്ളത്തിലോ അടക്കം ഒരു പ്രതലത്തിലും പതാക സ്‍പര്‍ശിക്കാനോ പാടില്ലെന്നാണ് രാജ്യത്തെ നിയമം. മതപരമായ വിശ്വാസവുമായി ബന്ധപ്പെട്ടതാണ് ഇതിനുള്ള കാരണം.
ഇസ്ലാം മതത്തിന്റെ അടിസ്ഥാന തത്വമായ 'ലാ ഇലാഹ ഇല്ലള്ളാഹ്, മുഹമ്മദ് റസൂലുള്ളാഹ്' എന്ന വാക്യം ദേശീയ പാതാകയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് കൊണ്ടാണ് സൗദി പതാക താഴ്‍ത്താന്‍ പാടില്ലാത്തതെന്ന് നിയമം പറയുന്നു. വിവിധ കാലങ്ങളില്‍ രാജ്യത്തെ മന്ത്രിസഭയും ആഭ്യന്തര മന്ത്രാലയവും ദേശീയ പതാക കൈകാര്യം ചെയ്യേണ്ടത് സംബന്ധിച്ച് നിയമങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഔദ്യോഗിക ദുഃഖാചരണങ്ങള്‍ പ്രഖ്യാപിക്കുന്ന സമയത്ത് മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ തങ്ങളുടെ ദേശീയ പതാകകള്‍ പകുതി താഴ്‍ത്തിക്കെട്ടാറുണ്ടെങ്കിലും സൗദി പതാക താഴ്‍ത്താറില്ല. മറ്റ് ചില രാജ്യങ്ങളിലും സമാനമായ നിയമങ്ങളുണ്ട്.
പതാക മാറ്റി മറ്റൊന്ന് സ്ഥാപിക്കേണ്ട ആവശ്യം വരുമ്പോള്‍ അത് പതുക്കെ താഴ്‍ത്തണമെന്നും ഭൂമിയിലോ വെള്ളത്തിലോ തട്ടുന്നതിന് മുമ്പ് മടക്കണമെന്നുമാണ് സൗദിയിലെ നിയമം. എപ്പോഴും വൃത്തിയുള്ളതായിരിക്കണമെന്നം ഉയര്‍ത്തുന്നതിന് മുമ്പ് പതാക പരിശോധിക്കണമെന്നും നിയമം പറയുന്നു. ചെറിയ തകരാറുകളാണ് പതാകയ്ക്ക് സംഭവിച്ചിട്ടുള്ളതെങ്കില്‍ അത് പരിഹരിക്കുകയും ഒരു കോള്‍ഡ് വെയര്‍ഹൗസില്‍ സൂക്ഷിക്കുകയും വേണം. നിറം മങ്ങുകയും പഴയതായി ഉപയോഗിക്കാന്‍ പറ്റാതായി പോവുകയും ചെയ്യുന്ന പതാകകള്‍ അവ കൈകാര്യം ചെയ്യുന്ന ആള്‍ തന്നെ നശിപ്പിക്കണമെന്നാണ് ചട്ടം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam