സൗദിയിൽ വിദ്യാലയങ്ങൾ തുറക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി

By Web TeamFirst Published Aug 22, 2021, 11:42 PM IST
Highlights

12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളെ നേരിട്ട് വിദ്യാലയങ്ങളിലെത്തിച്ച് ക്ലാസുകൾ ആരംഭിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 

റിയാദ്: ഈ മാസം 29ന് സൗദിയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനിരിക്കെ രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. ഒരാഴ്ച മുമ്പേ അധ്യാപകരെത്തണം എന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച് അധ്യാപകരും സ്കൂളുകളിലേക്ക് എത്തിത്തുടങ്ങി. 

12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളെ നേരിട്ട് വിദ്യാലയങ്ങളിലെത്തിച്ച് ക്ലാസുകൾ ആരംഭിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഹൈസ്കൂൾ, സെക്കൻഡറി സ്കൂൾ, കോളജ്, ടെക്നിക്കൽ സ്കൂൾ, പോളി ടെക്നിക് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് വിദ്യാർഥികളെ ക്ലാസുകളിലിരുത്തിയുള്ള അധ്യാപനം പുനഃരാരംഭിക്കുന്നത്. കൊവിഡിനെ തുടർന്ന് ഒന്നര വർഷത്തോളം അടച്ചിട്ട ശേഷമാണ് വിദ്യാലയങ്ങൾ സൗദിയിൽ തുറക്കാൻ പോകുന്നത്. 

സ്കൂളുകളിലെത്തിയ അധ്യാപകരെ പൂക്കളും ഉപഹാരങ്ങളും നൽകി അതത് സ്കൂൾ അധികൃതർ വരവേറ്റു. കർശനമായ ആരോഗ്യ മുൻകരുതലുകൾ പാലിച്ചാണ് ക്ലാസുകൾ വീണ്ടും ആരംഭിക്കുന്നത്. സർവകലാശാലകൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇൻറർമീഡിയറ്റ്, സെക്കൻഡറി സ്കൂളുകൾ എന്നിവിടങ്ങളിൽ നടപ്പാക്കേണ്ട പ്രോട്ടോകോളുകൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കുട്ടികൾ നിശ്ചിത ഡോസ് വാക്സിൻ കുത്തിവെപ്പെടുത്തിരിക്കണം എന്നതാണ് പ്രധാന നിബന്ധന. 

click me!