
റിയാദ്: സൗദി അറേബ്യ സ്വന്തം നിലയിൽ ഒരു രാജ്യാന്തര സൈക്ലിങ് മത്സര പരിപാടിക്ക് തുടക്കം കുറിക്കുന്നു. തലസ്ഥാന നഗരമായ റിയാദാണ് ആദ്യ തവണ ആതിഥേയത്വം വഹിക്കുകയെന്നും സൗദി ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാൻ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ അറിയിച്ചു.
അഞ്ച് ഘട്ടങ്ങളായി മത്സരം ഫെബ്രുവരി നാല് മുതൽ എട്ട് വരെയാണെന്നും അദ്ദേഹം വ്യാഴാഴ്ച റിയാദിൽ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഫ്രാൻസിലെ പ്രശസ്ത സൈക്ലിങ് മത്സരം ‘ടൂർ ഡെ ഫ്രാൻസി’ന്‍റെ സംഘാടകരായ അമാരി സ്പോർട് ഒാർഗനൈസേഷൻ (എ.എസ്.ഒ) ആണ് ഉദ്ഘാടന പതിപ്പായ 2.1 കാറ്റഗറി മത്സരം അവതരിപ്പിക്കുന്നത്. റിയാദ് നഗരത്തെ വലം വെക്കും വിധം ട്രാക്കൊരുക്കിയാണ് മത്സരം.
റിയാദ് ഡിജിറ്റൽ സിറ്റിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മത്സരത്തിന്റെ റൂട്ട് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടു. അമാരി സ്പോർട് ഓർഗനൈസേഷൻ ഇതേ രീതിയിൽ ഒമാനിലും ‘ടൂർ ഓഫ് ഒമാൻ’ സൈക്ലിങ് മത്സരം പ്രഖ്യാപിച്ചിരുന്നു. അതിന് മുമ്പായി സൗദിയിൽ മത്സരം പൂർത്തിയാക്കാനായിരുന്നു തീരുമാനവും. എന്നാൽ ഫെബ്രുവരി 11 മുതൽ 16 വരെ ഒമാനിൽ നിശ്ചയിച്ച മത്സരം സുൽത്താൻ ഖാബൂസിന്‍റെ വിയോഗത്തെ തുടർന്ന് റദ്ദാക്കി.
മധ്യപൗരസ്ത്യ ദേശത്ത് സൈക്ലിങ്ങിന് ഒരു പുതിയ മേഖലയെ സൃഷ്ടിച്ചെടുക്കുക എന്ന ദൗത്യത്തിലാണ് തങ്ങളെന്നും ഈ വർഷം അതിന് തുടക്കം കുറിക്കുമെന്നും എ.എസ്.ഒ ചീഫ് എക്സിക്യുട്ടീവ് യാൻ ലെ മോയനർ പറഞ്ഞു. സൗദി അറേബ്യയിൽ ഇതിനും തുടക്കം കുറിക്കും. സൈക്ലിങ്ങിന്‍റേതായ ഒരു അന്തരീക്ഷം സൗദി വ്യാപകമായി വളർത്തിയെടുക്കും. മറ്റ് രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. മത്സരം വാർഷിക കലണ്ടറിന്റെ ഭാഗമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യയ്ക്ക് ഇതൊരു ആദരമാണെന്നും ആഭ്യന്തര വിനോദ സഞ്ചാരമേഖലയുടെ പ്രോത്സാഹനത്തിന് രാജ്യാന്തര സൈക്ലിങ് മത്സരം സഹായകമാകുമെന്നും സൗദി സൈക്ലിങ് ഫെഡറേഷൻ ചീഫ് സബാഹ് അൽഖറൈദീസ് പറഞ്ഞു. സൈക്ലിങ്ങിന്റെ സൗദി സഞ്ചാരം രാജ്യത്തിന്‍റെ വിഭിന്ന പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനും പൊതുജനത്തിന് പരസ്പരം അറിയാനും ചരിത്രസ്ഥലങ്ങൾ മനസിലാക്കാനുമെല്ലാം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദ് നഗരത്തോട് ചേർന്നുള്ള മലനിരകളിലൂടെയും നഗരത്തിനുള്ളിലെ നിരത്തുകളും സൈക്ലിങ് ട്രാക്കുകളായി മാറും. സൈക്ലിങ് പ്രേമികൾക്ക് സൗദിയിലെത്താൻ അടുത്തിടെ ഏർപ്പെടുത്തിയ ഇവന്‍റ് വിസ വലിയ അനുഗ്രഹമായി മാറും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam