റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിച്ച് ഗള്‍ഫ് വിദ്യാര്‍ത്ഥികള്‍; ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍ സംഘം ഉത്തരാഖണ്ഡില്‍

By Web TeamFirst Published Jan 26, 2020, 11:29 PM IST
Highlights

മരംകോച്ചുന്ന തണുപ്പിനെപോലും വകവെക്കാതെയാണ് 20പേരടങ്ങുന്ന വിദ്യാര്‍ത്ഥിസംഘം പുലര്‍ച്ചെ നാലരയോടെ രാജ് പഥിലേക്ക് എത്തിയത്

ദില്ലി: എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിന പരേഡിന് സാക്ഷിയായതിന്‍റെ ആവേശത്തിലാണ് ഒരുകൂട്ടം ഗള്‍ഫ് വിദ്യാര്‍ത്ഥികള്‍. രണ്ടു ദിവസത്തെ പര്യടനത്തിനായെത്തിയ ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍ സംഘത്തിലുള്ളവര്‍ക്കാണ് അസുലഭനിമിഷം സ്വന്തമായത്.

മരംകോച്ചുന്ന തണുപ്പിനെപോലും വകവെക്കാതെയാണ് 20പേരടങ്ങുന്ന വിദ്യാര്‍ത്ഥിസംഘം പുലര്‍ച്ചെ നാലരയോടെ രാജ് പഥിലേക്ക് എത്തിയത്. പിന്നീട് അഞ്ചര മണിക്കൂര്‍ നീണ്ട പ്രതീക്ഷയോടെ കാത്തിരിപ്പായിരുന്നു. രാജ്യത്തിന്‍റെ സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും സാമൂഹിക-സാമ്പത്തിക പുരോഗതിയും വിളിച്ചോതുന്ന പരേഡ് മുന്നിലൂടെ കടന്നുപോയപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ആഹ്ലാദത്തിന് അതിരുകളില്ലായിരുന്നു.

റിപ്പബ്ലിക് ദിന പരേഡില്‍ പുരുഷന്മാര്‍ മാത്രമുള്ള സൈന്യത്തെ നയിച്ച 26കാരി ടാനിയ ആയിരുന്നു പിടിബിഐ സംഘത്തിലെ വിദ്യാര്‍ത്ഥിനികളെ പ്രധാനമായും ആകര്‍ഷിച്ചത്. പോര്‍വിമാനങ്ങളും ഹെലികോപ്റ്ററുകളും അണിനിരന്ന വ്യോമാഭ്യാസ പ്രകടനം കണ്ടപ്പോള്‍ സ്വപ്നം യാഥാര്‍ഥ്യമായ നിമിഷമെന്നായിരുന്നു വിദ്യര്‍ത്ഥികളുടെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍ സംഘം ഉത്തരാഖണ്ഡും സന്ദര്‍ശിച്ച ശേഷമാകും മടങ്ങുക. പരേഡില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ജിംകോര്‍ബറ്റ് നാഷണല്‍ പാര്‍ക്കടക്കമുള്ള മേഖലകളിലൂടെയുളള യാത്ര വേറിട്ട അനുഭവമായിരിക്കും സമ്മാനിക്കുക.

click me!