
റിയാദ്: സൗദിയിൽ ഭരണ, ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. ഗവർണർ, ഡെപ്യൂട്ടി ഗവർണർ, ഡെപ്യൂട്ടി മന്ത്രി, ഉദ്യോഗസ്ഥർ, ശൂറ കൗൺസിൽ അംഗം തുടങ്ങിയ തലങ്ങളിലാണ് പിരിച്ചുവിടലും മാറ്റി നിയമിക്കലും നടത്തി സൽമാൻ രാജാവ് ഉത്തരവിട്ടത്. വ്യാഴാഴ്ച വൈകീട്ടാണ് രാജകീയ ഉത്തരവിറങ്ങിയത്. ജിസാൻ പ്രവിശ്യാ ഗവർണർ അമീർ മുഹമ്മദ് ബിൻ നാസിർ ബിൻ അബ്ദുൽ അസീസിനെ മാറ്റി പകരം കാബിനറ്റ് റാങ്കോടെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസിനെ പുതിയ ഗവർണറായി നിയമിച്ചു. അമീർ ബന്ദർ ബിൻ മുഖ്‌രിൻ ബിൻ അബ്ദുൽ അസീസ് ഉന്നത റാങ്കോടെ റോയൽ കോർട്ട് ഉപദേഷ്ടാവായി നിയമിതനായി.
പ്രത്യേക പദവിയുള്ള ജിസാൻ ഡെപ്യൂട്ടി ഗവർണറായി അമീർ നാസ്വിർ ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ ജലവിയുടെ നിയമനവും ഉത്തരവിൽ ഉൾപ്പെടുന്നു. ശൂറ കൗൺസിൽ അംഗത്വത്തിൽനിന്ന് അമീർ ഫഹദ് ബിൻ സഅദ് ബിൻ ഫൈസലിലെ ഒഴിവാക്കി. ആഭ്യന്തര ഉപമന്ത്രിയായിരുന്ന ഡോ. നാസ്വിർ ബിൻ അബ്ദുൽ അസീസ് അൽദാവൂദിനെ തൽസ്ഥാനത്തുനിന്ന് നീക്കി, കാബിനറ്റ് പദവിയോടെ നാഷനൽ ഗാർഡിന്റെ ഉപമന്ത്രിയായി നിയമിച്ചു. സൽമാൻ രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവായ ഡോ. അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ മഖ്‌റിനെ ആഭ്യന്തര ഡെപ്യൂട്ടി മന്ത്രിയായി ഉയർത്തി.
ഫഹദ് ബിൻ അബ്ദുല്ല അൽ അസ്കറിനെ റോയൽ കോർട്ടിന്റെ ഡെപ്യൂട്ടി ചീഫായി കാബിനറ്റ് റാങ്കിൽ നിയമിച്ചു. തമീം ബിൻ അബ്ദുൽ അസീസ് അൽസാലിമിനെ സൽമാൻ രാജാവിന്റെ ഡെപ്യൂട്ടി പ്രൈവറ്റ് സെക്രട്ടറിയായി മന്ത്രി പദവിയോടെ നിയമിച്ചു. അമീർ ഫഹദ് ബിൻ സഅദ് ബിൻ ഫൈസൽ ബിൻ സഅദ് മികച്ച റാങ്കോടെ ഖസിം പ്രവിശ്യാ ഡെപ്യൂട്ടി ഗവർണറായി അവരോധിതനായി. കമ്യൂണിക്കേഷൻസ്, സ്‌പേസ് ആൻഡ് ടെക്‌നോളജി കമീഷൻ ഗവർണർ ഡോ. മുഹമ്മദ് ബിൻ സഊദ് ബിൻ മൂസ അൽ തമീമിയെ തൽസ്ഥാനത്തുനിന്ന് നീക്കി, മന്ത്രി പദവിയോടെ നാഷനൽ എമർജൻസി മാനേജ്‌മെൻറ് അതോറിറ്റിയുടെ ഗവർണറായി നിയമിച്ചു.
വിദ്യാഭ്യാസ ഉപമന്ത്രിയായി ഡോ. ഇനാസ് ബിൻത് സുലൈമാൻ അൽഈസയെ ഉയർന്ന റാങ്കിൽ നിയമിതനായി. കിരീടാവകാശിയുടെ സ്വകാര്യ കാര്യങ്ങളുടെ തലവനായി അബ്ദുല്ല ബിൻ സിറാജ് സഖ്‌സൂഖിനെ മികച്ച റാങ്കോടെ നിയമിച്ചു. ഹിഷാം ബിൻ അബ്ദുൽ അസീസ് ബിൻ സെയ്ഫ് ഉയർന്ന റാങ്കിൽ പ്രതിരോധ മന്ത്രിയുടെ ഇൻറലിജൻസ് ഉപദേഷ്ടാവായതായും രാജകീയ ഉത്തരവിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ