
റിയാദ്: സ്വകാര്യ മേഖലയിലെ പ്രൊക്യൂർമെന്‍റ് (പർച്ചേസിങ്) തസ്തികകളിൽ 70 ശതമാനം സൗദിവത്കരണം ഏർപ്പെടുത്താനുള്ള സുപ്രധാന തീരുമാനം രാജ്യത്ത് ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നിയമം മെയ് 31 മുതലാണ് നടപ്പിലായി തുടങ്ങിയത്. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഈ നിബന്ധന ബാധകമാകുക. സൗദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷനുകളുടെ അംഗീകൃത നിർവചനങ്ങൾക്ക് കീഴിൽ വരുന്ന സ്ഥാപനങ്ങൾ നിയമത്തിന്റെ പരിധിയിൽ വരും.
പർച്ചേസിങ്, ലോജിസ്റ്റിക്സ് മേഖലയിലെ പ്രധാനപ്പെട്ട 12 തൊഴിൽ ശീർഷകങ്ങളിലാണ് 70% സ്വദേശിവത്കരണം നിർബന്ധമാക്കിയിട്ടുള്ളത്.
നിയമം ലക്ഷ്യമിടുന്ന സ്ഥാപനങ്ങൾ നിർദ്ദിഷ്ട സ്വദേശിവത്കരണ നിരക്കുകൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ശക്തമായ നിരീക്ഷണവും പരിശോധനകളും ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. നിശ്ചിത സമയപരിധിക്കുള്ളിൽ നിയമം നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികളും വൻ തുക പിഴയും ചുമത്തും. സ്വദേശികൾക്ക് സുസ്ഥിരവും ഉൽപ്പാദനപരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്തെ തൊഴിൽ വിപണി തന്ത്രത്തിെൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പ്രൊക്യുർമെൻറ് മേഖലയിൽ സ്വദേശികളായ പൗരന്മാർക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനുമായി മന്ത്രാലയം നടത്തിവരുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഭാവിയിലെ തൊഴിൽ വിപണി ആവശ്യങ്ങൾക്ക് അനുസൃതമായി യോഗ്യരായ സ്വദേശി ഉദ്യോഗാർത്ഥികളെ വാർത്തെടുക്കാനും, സ്വകാര്യ മേഖലയിലെ ഉയർന്ന നിലവാരമുള്ള ജോലികളിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കാനും പുതിയ തീരുമാനം വഴി സാധിക്കുമെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam