
റിയാദ്: വൻകിട ബഹുരാഷ്ട്ര കമ്പനികൾക്ക് 2027 ജനുവരി 1 മുതൽ കുറഞ്ഞത് 15 ശതമാനം ആഭ്യന്തര മിനിമം ടോപ്പ്-അപ്പ് നികുതി ഏർപ്പെടുത്താൻ സൗദി അറേബ്യ തീരുമാനിച്ചു. സൗദിയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളുടെ ലാഭത്തിന് കുറഞ്ഞത് 15 ശതമാനം നികുതി നിരക്ക് ഉറപ്പാക്കുന്നതാണ് പുതിയ പരിഷ്കാരം.
രാജ്യത്തിന്റെ നികുതി വരുമാനം സംരക്ഷിക്കുന്നതിനും നികുതി നിയമങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമാണ് ഈ നടപടിയെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. വാർഷിക സംയോജിത വരുമാനം 750 ദശലക്ഷം യൂറോയോ (അല്ലെങ്കിൽ തത്തുല്യമായ സൗദി റിയാൽ) അതിൽ കൂടുതലോ ഉള്ള ബഹുരാഷ്ട്ര ഗ്രൂപ്പുകളുടെ കീഴിലുള്ള സ്ഥാപനങ്ങൾക്കാണ് ഈ നികുതി ബാധകമാകുക. നികുതി നടപ്പിലാക്കുന്ന വർഷത്തിന് തൊട്ടുമുമ്പുള്ള നാല് സാമ്പത്തിക വർഷങ്ങളിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും മാതൃകമ്പനിയുടെ സംയോജിത സാമ്പത്തിക പ്രസ്താവന പ്രകാരം ഈ വരുമാന പരിധി കൈവരിച്ചിട്ടുള്ള ഗ്രൂപ്പുകൾക്കാണ് നിയമം ബാധകമാകുന്നത്.
സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന എല്ലാ ബിസിനസ്സ് സ്ഥാപനങ്ങൾക്കും ഈ നികുതി ബാധകമല്ലെന്ന് 'സത്ക' വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തനങ്ങളില്ലാത്തതോ, ഈ നിയമത്തിന്റെ പരിധിയിൽ വരുന്ന ബഹുരാഷ്ട്ര ഗ്രൂപ്പുകളുടെ ഭാഗമല്ലാത്തതോ ആയ ആഭ്യന്തര കമ്പനികളെ പുതിയ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൻകിട ബഹുരാഷ്ട്ര ഗ്രൂപ്പുകൾ സൗദിയിൽ നിന്ന് നേടുന്ന ലാഭത്തിന് കുറഞ്ഞത് 15 ശതമാനം നികുതി ഉറപ്പാക്കുക എന്നതാണ് 'ഡൊമസ്റ്റിക് മിനിമം ടോപ്പ്-അപ്പ് ടാക്സ്' ലക്ഷ്യമിടുന്നത്. നിലവിലുള്ള നികുതി നിരക്ക് 15 ശതമാനത്തിൽ താഴെയാണെങ്കിൽ, നിശ്ചിത പരിധിയിലേക്ക് എത്തിക്കുന്നതിനായി അധിക നികുതി ഈടാക്കും.
15 ശതമാനം നികുതി എന്നത് കമ്പനിയുടെ ആകെ വരുമാനത്തിനല്ല, മറിച്ച് ലാഭത്തിന് മാത്രമാണ് ബാധകമാകുന്നതെന്ന് അതോറിറ്റി ഊന്നിപ്പറഞ്ഞു. 750 ദശലക്ഷം യൂറോ എന്നത് ഒരു ബഹുരാഷ്ട്ര ഗ്രൂപ്പ് ഈ നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന് നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡം മാത്രമാണ്; അല്ലാതെ ആ തുകയ്ക്കല്ല ടോപ്പ്-അപ്പ് നികുതി കണക്കാക്കുന്നത്.
സാമ്പത്തിക സഹകരണ വികസന സംഘടനയും ജി-20 രാജ്യങ്ങളും ചേർന്ന് വികസിപ്പിച്ചെടുത്ത ആഗോള നികുതി കരാറിലെ 'പില്ലർ ടു' പ്രകാരം വൻകിട ബഹുരാഷ്ട്ര കമ്പനികൾക്ക് കുറഞ്ഞ നികുതി നിരക്ക് ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര നീക്കത്തിന്റെ ഭാഗമായാണ് സൗദിയുടെ ഈ തീരുമാനം. നികുതി നിരക്ക് കുറഞ്ഞ രാജ്യങ്ങളിലേക്ക് ലാഭം മാറ്റുന്നത് തടയുകയാണ് ഈ ചട്ടക്കൂടിന്റെ പ്രധാന ലക്ഷ്യം.
ഒഇസിഡിയുടെ ആഗോള നികുതി വെട്ടിപ്പ് വിരുദ്ധ നിയമങ്ങൾ പ്രകാരം, ഒരു രാജ്യത്തെ നികുതി നിരക്ക് 15 ശതമാനത്തിൽ താഴെയാണെങ്കിൽ ബഹുരാഷ്ട്ര ഗ്രൂപ്പുകൾ അധിക നികുതി നൽകേണ്ടതുണ്ട്. ആഭ്യന്തര മിനിമം ടോപ്പ്-അപ്പ് നികുതി ഏർപ്പെടുത്തുന്നതിലൂടെ, സൗദിയിൽ നിന്ന് കമ്പനികൾ നേടുന്ന ലാഭത്തിന്മേലുള്ള അധിക നികുതി മറ്റ് രാജ്യങ്ങൾക്ക് വിട്ടുകൊടുക്കാതെ സൗദിക്ക് തന്നെ പിരിച്ചെടുക്കാൻ സാധിക്കും. നികുതി നീതി ശക്തിപ്പെടുത്താനും സർക്കാർ വരുമാനം സംരക്ഷിക്കാനും ഇത് സഹായിക്കും.
കമ്പനികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
പുതിയ നികുതിയുടെ പരിധിയിൽ വരാൻ സാധ്യതയുള്ള ബഹുരാഷ്ട്ര കമ്പനികൾക്ക് സംശയനിവാരണത്തിനായി 'സത്ക'യുടെ ഔദ്യോഗിക ആശയവിനിമയ മാർഗ്ഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ നമ്പറായ 19993 വഴിയോ, എക്സ് പ്ലാറ്റ്‌ഫോമിലെ കസ്റ്റമർ സർവീസ് അക്കൗണ്ടായ @Zatca_care വഴിയോ, Info@zatca.gov.sa എന്ന ഇമെയിൽ വിലാസത്തിലോ കമ്പനികൾക്ക് ബന്ധപ്പെടാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam