സൗദിയില്‍ കൃത്രിമ മഴ പെഴ്തിറങ്ങും, പദ്ധതിക്ക് രാജാവിന്‍റെ അംഗീകാരം; 20% അധികമഴ ലക്ഷ്യം

By Web TeamFirst Published Feb 14, 2020, 11:41 PM IST
Highlights

രാജ്യത്തെ പ്രതിവർഷ ജല ആവശ്യം 2400 കോടി ഘനമീറ്ററാണ്

 പ്രതിവർഷം 270 കോടി ഘനമീറ്റർ വെള്ളം സമുദ്ര ജലം ശുദ്ധീകരിച്ചു കണ്ടെത്തുന്നുണ്ട്

റിയാദ്: സൗദിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതിക്ക് രാജാവിന്‍റെ അംഗീകാരം. പ്രതിവർഷം ഇരുപതു ശതമാനം അധിക മഴയ്‌ക്കാണ്‌ ലക്ഷ്യമിടുന്നതെന്ന് പരിസ്ഥിതി-ജല മന്ത്രാലയം അറിയിച്ചു. ലോകത്ത്‌ ഏറ്റവും വരൾച്ചയുള്ള രാജ്യങ്ങളിലൊന്നായ സൗദിയിൽ നിലവിൽ പ്രതിവർഷം ലഭിക്കുന്ന മഴ 100 മില്ലീമീറ്ററിൽ കൂടാറില്ല.

രാജ്യത്ത് സ്ഥിരം ജല ഉറവിടങ്ങളായ നദികളോ തടാകങ്ങളോ ഇല്ലാത്ത പശ്ചാത്തലത്തിലാണ് കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതിക്ക് രാജാവ് അംഗീകാരം നൽകിയത്. ആഗോളതലത്തിൽ കൃത്രിമ മഴ പെയ്യിക്കുന്നതിനു സ്വീകരിക്കുന്ന രീതികളും ഇക്കാര്യത്തിൽ മറ്റു രാജ്യങ്ങളുടെ അനുഭവസമ്പത്തു നേരിട്ട് പഠിച്ചുമാണ് സൗദി പദ്ധതിക്ക് അംഗീകാരം നൽകിയത്. നിർദ്ദിഷ്ട സ്ഥലങ്ങളിൽ കാർമേഘങ്ങൾ ലക്ഷ്യമിട്ട് ചില പദാർത്ഥങ്ങൾ വിതറി കൃത്രിമ മഴ പെയ്യിക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുക.

രാജ്യത്ത് ആദ്യമായി കൃത്രിമ മഴ പരീക്ഷിച്ചത് 1990 ൽ അസീർ പ്രവിശ്യയിലാണ്. നിലവിൽ രാജ്യത്തെ പ്രതിവർഷ ജല ആവശ്യം 2400 കോടി ഘനമീറ്ററാണ്. പ്രതിവർഷം 270 കോടി ഘനമീറ്റർ വെള്ളം സമുദ്ര ജലം ശുദ്ധീകരിച്ചു കണ്ടെത്തുന്നുണ്ട്.

click me!