സൗദി അറേബ്യയിൽ ആദ്യമായി വിദേശ ആരോഗ്യ ഇൻഷുറൻസ് കമ്പനിക്ക് അനുമതി

By Web TeamFirst Published Feb 7, 2023, 10:42 PM IST
Highlights

ഇൻഷുറൻസ് മേഖലയിൽ വിദേശ കമ്പനിയുടെ നേരിട്ടുള്ള നിക്ഷേപം പ്രാപ്തമാക്കുന്നതിനുള്ള സെൻട്രൽ ബാങ്കിന്റെ നടപടികളിലൊന്നാണിത്.

റിയാദ്: ആദ്യമായി ഒരു വിദേശ ഇൻഷുറൻസ് കമ്പനിക്ക് സൗദി അറേബ്യയിൽ പ്രവർത്തിക്കാൻ അനുമതി. അമേരിക്കൻ കമ്പനിയായ സിഗ്ന വേൾഡ് വൈഡ് ഇൻഷുറൻസ് കമ്പനിക്കാണ് സൗദി സെൻട്രൽ ബാങ്ക് അനുമതി നൽകിയത്. രാജ്യത്തിന്റെ ‘വിഷൻ 2030’ ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയുള്ള സെൻട്രൽ ബാങ്കിന്റെ ദൗത്യങ്ങളുടെ ഭാഗമാണ് ഈ നടപടി. 

ഇൻഷുറൻസ് മേഖലയിൽ വിദേശ കമ്പനിയുടെ നേരിട്ടുള്ള നിക്ഷേപം പ്രാപ്തമാക്കുന്നതിനുള്ള സെൻട്രൽ ബാങ്കിന്റെ നടപടികളിലൊന്നാണിത്. ഇതുവഴി ആരോഗ്യ ഇൻഷുറൻസ് രംഗത്ത് രാജ്യത്തെ മത്സരക്ഷമത, കൈമാറ്റം, എക്സ്ചേഞ്ച് അനുഭവങ്ങൾ എന്നിവ വർധിപ്പിക്കുക എന്നതും സെൻട്രൽ ബാങ്ക് ലക്ഷ്യമിടുന്നു.

നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഈ നടപടി സഹായിക്കുന്നു. ഇത് ഇൻഷുറൻസ് മേഖലയുടെ സുസ്ഥിരതയും വളർച്ചയും വർധിപ്പിക്കുന്നു. നിക്ഷേപക വിഭാഗങ്ങളെയും മൂല്യവർധിത കമ്പനികളെയും വൈവിധ്യവത്കരിക്കുന്നു. കൂടാതെ റെഗുലേറ്ററി, സൂപ്പർവൈസറി ആവശ്യകതകൾ പാലിക്കുന്നതിലൂടെ ഈ കമ്പനികളുടെ പ്രവർത്തനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്ന തരത്തിൽ മേഖലയിൽ അതുല്യമായ ബിസിനസ്സ് മോഡലുകൾ നൽകുന്നു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സേവനങ്ങളിൽ പുതുമ കൊണ്ടുവരുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പുറമേ, സാമ്പത്തിക മേഖലയെ പിന്തുണയ്‌ക്കുന്നതിനും സാമ്പത്തിക ഇടപാടുകളുടെ ഫലപ്രാപ്തിയുടെ നിലവാരം ഉയർത്തുന്നതിനുമുള്ള നിരന്തരമായ പരിശ്രമങ്ങൾ തങ്ങൾ നടത്തുന്നതായി സെൻട്രൽ ബാങ്ക് അറിയിച്ചു. 
അതേസമയം, സെൻട്രൽ ബാങ്ക് ലൈസൻസുള്ളതോ അധികാരപ്പെടുത്തിയതോ ആയ ധനകാര്യ സ്ഥാപനങ്ങളുമായി ഇടപെടേണ്ടതിന്റെ പ്രാധാന്യം സൗദി സെൻട്രൽ ബാങ്ക് ഊന്നിപ്പറയുകയും വെബ്‍സൈറ്റ് സന്ദർശിച്ച് ഇത് പരിശോധിക്കാവുന്നതാണെന്നും അവർ അറിയിച്ചു.

Read also: പ്രവാസികള്‍ക്ക് കൂടുതൽ ബന്ധുക്കളെ ഇനി സന്ദർശക വിസയിൽ കൊണ്ടുവരാന്‍ അനുമതി

click me!