കുവൈത്ത് ചുട്ടുപൊള്ളുന്നു; താപനില ലോക റെക്കോര്‍ഡില്‍

By Web TeamFirst Published Jun 11, 2019, 6:48 PM IST
Highlights

ചൂട് ഇനിയും വര്‍ധിക്കുമെന്നും ജൂലൈ ആദ്യവാരത്തോടെ താപനില 80 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകന്‍ ആദി സഅദൂന്‍ അഭിപ്രായപ്പെട്ടു.

കുവൈത്ത് സിറ്റി: താപനിലയില്‍ ലോക റെക്കോര്‍ഡിട്ട് കുവൈത്ത്. കഴിഞ്ഞ ദിവസങ്ങളില്‍ 50.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷകന്‍ ഈസ റമദാന്‍റെ മുന്നറിയിപ്പ്. 49. ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയ ഇറാഖിലെ ബസ്റയാണ് താപനിലയില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്.

പകല്‍ സമയങ്ങളില്‍ ചൂട് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താപനില ഉയര്‍ന്നതോടെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് വിശ്രമത്തിനുള്ള സമയം അനുവദിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മാനവശേഷി അതോറിറ്റി അറിയിച്ചു.

ചൂട് ഇനിയും വര്‍ധിക്കുമെന്നും ജൂലൈ ആദ്യവാരത്തോടെ താപനില 80 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകന്‍ ആദി സഅദൂന്‍ അഭിപ്രായപ്പെട്ടു. മരുഭൂമി പോലെ നേരിട്ട് വെയില്‍ പതിക്കുന്ന ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് താപനില ഇത്രയും ഉയരുക. 

ചൂട് കൂടിയതോടെ കബറടക്ക സമയങ്ങലില്‍ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ ഒമ്പതിനും വൈകിട്ട് അസര്‍ നമസ്കാരാനന്തരവും രാത്രി ഇശാഅ് നമസ്കാരാനന്ദരവുമാകും കബറടക്കല്‍ ചടങ്ങുകളെന്ന് മുന്‍സിപ്പാലിറ്റി ഫ്യൂണറല്‍ വിഭാഗം ഡയറക്ടര്‍ ഡോ.ഫൈസല്‍ അല്‍ അവാദി അറിയിച്ചു. 

ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വര്‍ധിച്ചു. 13,500 മോഗാവാട്ട് വരെ വൈദ്യുതി ഉപയോഗം ഉയര്‍ന്നു. പകല്‍ സമയം പുറത്തിറങ്ങുന്നവര്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം, കടും നിറങ്ങളുള്ളതും ഇറുകിയതുമായ വസ്ത്രങ്ങള്‍ ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, അള്‍ട്രാ വയലറ്റ് രശ്മികളെ തടയാന്‍ സണ്‍ ഗ്ലാസുകള്‍ ഉപയോഗിക്കുക തുടങ്ങിയ ജാഗ്രതാ നിര്‍ദ്ദേശങ്ങളും അധികൃതര്‍ നല്‍കിയിട്ടുണ്ട്. 

click me!