
റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസ നല്‍കുന്ന നടപടികള്‍ സൗദി അറേബ്യ നിര്‍ത്തിവെച്ചു. കൊറോണ വൈറസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്‍, മലേഷ്യ, സിംഗപ്പൂര്‍, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കില്ലെന്നാണ് ടൂറിസം മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
വിസ നല്‍കുന്നത് നിര്‍ത്തിവെച്ച ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ ഇതിനോടകം നേടിയ ടൂറിസ്റ്റം വിസകള്‍ താത്കാലികമായി മരവിപ്പിക്കുകയും ചെയ്തു. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ടൂറിസ്റ്റം വിസകള്‍ അനുവദിക്കും. ഓണ്‍ അറൈവല്‍ വിസയും ഇ-വിസയും നേരത്തെ നിഷ്കര്‍ശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം തുടര്‍ന്നും അനുവദിക്കും. ടൂറിസം വിസയില്‍ സൗദി അറേബ്യയില്‍ പ്രവേശിക്കുന്നവര്‍ക്ക് മക്കയും മദീനയും സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടാകില്ല. ഉംറ വിസകള്‍ അനുവദിക്കുന്നതിന് സൗദി അറേബ്യ നേരത്തെ തന്നെ നിയന്ത്രണം കൊണ്ടുവന്നിരുന്നു.
ഇ-വിസയ്ക്കും ഓണ്‍ അറൈവല്‍ വിസയ്ക്കും യോഗ്യതയില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദി എംബസികളും കോണ്‍സുലേറ്റുകളും വഴി നേടിയ ടൂറിസ്റ്റ് വിസകളില്‍ രാജ്യത്ത് പ്രവേശിക്കാന്‍ കഴിയുമോയെന്ന കാര്യ മുന്‍കൂട്ടി അന്വേഷിച്ച് ഉറപ്പുവരുത്തണം. സൗദി അറേബ്യയില്‍ നിന്ന് 930 എന്ന നമ്പറിലും മറ്റ് രാജ്യങ്ങളില്‍ നിന്ന് 00966920000890 എന്ന നമ്പറിലും വിളിച്ച് ഇക്കാര്യം ഉറപ്പുവരുത്താം. അമേരിക്ക, ബ്രിട്ടന്‍, ഷെങ്കന്‍ വിസകളുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കുമോ എന്ന കാര്യവും നേരത്തെ അന്വേഷിച്ച് ഉറപ്പുവരുത്തണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam