സൗദി അറേബ്യയിൽ വാഹനങ്ങളുടെ വാർഷിക സാങ്കേതിക പരിശോധനാ ഫീസ് പരിഷ്‍കരിച്ചു

By Web TeamFirst Published Dec 1, 2022, 7:39 PM IST
Highlights

വാഹനങ്ങളുടെ വാർഷിക സാങ്കേതിക പരിശോധന, അഥവാ 'ഫഹസ്' നടത്തുന്നതിന് മന്ത്രിമാരുടെ കൗൺസിൽ അംഗീകരിച്ച പരിഷ്‍കരിച്ച ഫീസിന്റെ പട്ടിക പ്രസിദ്ധീകരിച്ചു. സ്വകാര്യ കാർ, ടാക്സി, 10 മുതൽ 15 പേർക്ക് വരെ യാത്ര ചെയ്യാവുന്ന വാഹനങ്ങൾ, മൂന്നര ടണ്ണിൽ താഴെ ഭാരമുള്ള സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവക്ക് ആദ്യ തവണ 100 റിയാലാണ് പരിശോധനാ ഫീസ്.

റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങളുടെ വാർഷിക സാങ്കേതിക പരിശോധനാ ഫീസ് പരിഷ്‍കരിച്ചു. 45 റിയാൽ മുതൽ 205 റിയാൽ വരെയാണ് വിവിധ വാഹനങ്ങൾക്കുള്ള പരിഷ്‍കരിച്ച ഫീസ് നിരക്ക്. ആദ്യ പരിശോധനയിൽ പരാജയപ്പെടുന്നവരുടെ പുനഃപരിശോധനക്ക് 15 മുതൽ 68 റിയാൽ വരെയും ഫീസ് ഈടാക്കും.

വാഹനങ്ങളുടെ വാർഷിക സാങ്കേതിക പരിശോധന, അഥവാ 'ഫഹസ്' നടത്തുന്നതിന് മന്ത്രിമാരുടെ കൗൺസിൽ അംഗീകരിച്ച പരിഷ്‍കരിച്ച ഫീസിന്റെ പട്ടിക പ്രസിദ്ധീകരിച്ചു. സ്വകാര്യ കാർ, ടാക്സി, 10 മുതൽ 15 പേർക്ക് വരെ യാത്ര ചെയ്യാവുന്ന വാഹനങ്ങൾ, മൂന്നര ടണ്ണിൽ താഴെ ഭാരമുള്ള സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവക്ക് ആദ്യ തവണ 100 റിയാലാണ് പരിശോധനാ ഫീസ്. പരിശോധനയിൽ പരാജയപ്പെടുന്നവർ പുനഃപരിശോധനക്ക് 33 റിയാൽ കൂടി അടക്കേണ്ടതാണ്.

16 മുതൽ 30 വരെ ആളുകളെ കൊണ്ടുപോകാൻ ശേഷിയുള്ള വാഹനങ്ങൾക്കും മൂന്നര ടൺ മുതൽ 12 ടൺ വരെ ഭാരമുള്ള സാധനങ്ങൾ കൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ള വാഹനങ്ങൾക്കും ആദ്യ തവണ 141 റിയാലും പുനഃപരിശോധനക്ക് 47 റിയാലുമാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. എഞ്ചിൻ ഇല്ലാത്തതും മറ്റു വാഹനങ്ങളിൽ ചേർത്ത് വെച്ച് കൊണ്ടുപോകുന്നതുമായ മൂന്നര ടണിൽ കൂടുതലുള്ള ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ആദ്യ തവണ 184 റിയാലും പുനഃപരിശോധനക്ക് 61 റിയാലും ഫീസടക്കണം.

മുപ്പതിൽ കൂടുതൽ ആളുകളെ കൊണ്ടുപോകാൻ ശേഷിയുള്ള വാഹനങ്ങൾക്കും 12 ടണ്ണിൽ കൂടുതൽ ഭാരമുള്ള സാധനങ്ങൾ കൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ള വാഹനങ്ങൾക്കും 205 റിയാലാണ് ആദ്യ തവണ അടക്കേണ്ടത്. ആദ്യ പരിശോധനയിൽ പരാജയപ്പെട്ടാൽ 68 റിയാൽകൂടി പുനഃപരിശോധനക്ക് അടക്കേണ്ടതാണ്. ഇരുചക്ര ബൈക്കിനും, മൂന്നോ നാലോ ചക്രങ്ങളുള്ള സൈക്കിളുകൾക്കും 45 റിയാൽ, 50 റിയാൽ എന്നിങ്ങിനെയാണ് ആദ്യ തവണ അടക്കേണ്ട ഫീസ്. ഇവയുടെ പുനഃപരിശോധനക്ക് 17 റിയാലും ഫീസ് നിശ്ചയിച്ചിട്ടുണ്ട്.

Read also:  സിഐഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച മൂന്ന് പേര്‍ക്ക് ശിക്ഷ വിധിച്ചു

click me!