ട്വിറ്റര്‍ ഉപയോഗത്തിന്റെ പേരില്‍ സൗദി അറേബ്യയില്‍ യുവ ഗവേഷകയ്‍ക്ക് 34 വര്‍ഷം തടവ്

By Web TeamFirst Published Aug 18, 2022, 5:04 PM IST
Highlights

34 വയസുകാരിയായ സല്‍മ അല്‍ ശെഹാബ് രണ്ട് കുട്ടികളുടെ അമ്മയാണ്. കേസില്‍ നേരത്തെ മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ കോടതി വിധിച്ചിരുന്നു. അപ്പീല്‍ പരിഗണിച്ചാണ് ശിക്ഷ 34 വര്‍ഷമാക്കി വര്‍ദ്ധിപ്പിച്ചത്.

ലണ്ടന്‍: ട്വിറ്റര്‍ ഉപയോഗത്തിന്റെ പേരില്‍ സൗദി അറേബ്യയില്‍ യുവ ഗവേഷകയ്‍ക്ക് 34 വര്‍ഷം ജയില്‍ ശിക്ഷ. കോടതി രേഖകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. ബ്രിട്ടനിലെ ലീഡ്സ് സര്‍വകലാശാലയില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിനിയായ സല്‍മ അല്‍ - ശെഹാബിനെയാണ് അപ്പീല്‍ കോടതി ശിക്ഷിച്ചത്. രാജ്യത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന വിമതരെ സഹായിച്ചുവെന്നാണ് സല്‍മയ്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

ശിക്ഷയ്‍ക്ക് ശേഷം 34 വര്‍ഷം വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനും സല്‍മയ്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ട്വിറ്ററില്‍ 2597 ഫോളോവര്‍മാരുള്ള അവര്‍ വിമതരെയും ആക്ടിവിസ്റ്റുകളെയും പിന്തുടരുകയും റീട്വീറ്റ് ചെയ്യുകയും ചെയ്‍തുവെന്നാണ് ആരോപണം. 34 വയസുകാരിയായ സല്‍മ അല്‍ ശെഹാബ് രണ്ട് കുട്ടികളുടെ അമ്മയാണ്. കേസില്‍ നേരത്തെ മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ കോടതി വിധിച്ചിരുന്നു. പൊതുസമാധാനത്തിന് ഭംഗം വരുത്തുകയും രാജ്യത്തിന്റെ സിവില്‍, ദേശീയ സുരക്ഷയ്‍ക്ക് ഭീഷണിയാവുകയും ചെയ്യുന്ന തരത്തില്‍ ഒരു ഇന്റര്‍നെറ്റ് വെബ്‍സൈറ്റ് ഉപയോഗിച്ചതിന്റെ പേരിലായിരുന്നു ഈ വിധി. എന്നാല്‍ വിധിക്കെതിരായ അപ്പീലില്‍ ഇവര്‍ക്കെതിരായ മറ്റ് കുറ്റങ്ങള്‍ കൂടി പരിഗണിക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. ഈ അപ്പീല്‍ പരിഗണിച്ചാണ് ശിക്ഷ 34 വര്‍ഷമാക്കി അപ്പീല്‍ കോടതി വര്‍ദ്ധിപ്പിച്ചത്.

Read also: സൗദി അറേബ്യയില്‍ പൊതുസ്ഥലത്ത് ശബ്‍ദമുയര്‍ത്തി സംസാരിച്ചാല്‍ പിഴ ലഭിക്കും

രാജ്യത്ത് പൊതുസമാധാനത്തിന് ഭംഗം വരുത്തുകയും രാജ്യത്തിന്റെ സിവില്‍, ദേശീയ സുരക്ഷയ്‍ക്ക് ഭീഷണിയാവുകയും ചെയ്യുന്നവരെ ട്വിറ്റര്‍ അക്കൌണ്ട് ഫോളോ ചെയ്യുന്നതിലൂടെയും അവരുടെ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്‍തും സഹായിച്ചുവെന്നാണ് കോടതി രേഖകള്‍ പറയുന്നത്. പുതിയ വിധിക്കെതിരെയും സല്‍മയ്‍ക്ക് അപ്പീല്‍ നല്‍കാനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏതാനും വര്‍ഷം മുമ്പാണ് പി.എച്ച്.ഡി ചെയ്യുന്നതിനായി സല്‍മ ലീഡ്സ് സര്‍വകലാശാലയില്‍ ചേരുന്നത്. 2020 ഡിസംബറില്‍ അവധിക്ക് സൗദി അറേബ്യയില്‍ തിരിച്ചെത്തിയിരുന്നു. ശേഷം മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം യു.കെയിലേക്ക് മടങ്ങിപ്പോകാനിരിക്കവെയാണ് ചോദ്യം ചെയ്യാനായി അധികൃതര്‍ വിളിപ്പിച്ചത്. പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. സല്‍മക്കെതിരായ നടപടികളെ വിമര്‍ശിച്ച് വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Read also: തുടര്‍ച്ചയായ ആറാം ദിവസവും അപ്രതീക്ഷിത പരിശോധനകള്‍ തുടരുന്നു; അറസ്റ്റിലായത് നിരവധി പ്രവാസികള്‍

click me!