പുകയില ഉൽപ്പന്ന വിൽപനയ്ക്ക് സൗദിയിൽ കർശന നിയന്ത്രണം, പള്ളികൾക്കും സ്കൂളുകൾക്കും 500 മീറ്റർ ചുറ്റളവിൽ പുകയില വിൽക്കുന്ന കടകൾക്ക് വിലക്ക്

Published : Oct 12, 2025, 06:00 PM IST
tobacco ban

Synopsis

പുകയില ഉൽപ്പന്ന വിൽപനയ്ക്ക് സൗദിയിൽ കർശന നിയന്ത്രണം. പള്ളികൾ, സ്‌കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ 500 മീറ്റർ ചുറ്റളവിൽ പുകയില വിൽക്കുന്ന കടകൾക്ക് വിലക്ക് ഏർപ്പെടുത്തി.  

റിയാദ്: പൊതുജനാരോഗ്യം ലക്ഷ്യമിട്ട് സൗദി അറേബ്യയിൽ പുകയില ഉൽപ്പന്നങ്ങളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണം. പള്ളികൾ, സ്‌കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ 500 മീറ്റർ ചുറ്റളവിൽ പുകയില വിൽക്കുന്ന കടകൾക്ക് വിലക്ക് ഏർപ്പെടുത്തി. സൗദി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം ഇതിനായുള്ള പുതിയ നിയമങ്ങളും മാനദണ്ഡങ്ങളും അംഗീകരിച്ചു. 

പുതിയ നിയന്ത്രണങ്ങൾ സിഗരറ്റുകൾ, ഷിഷ, ഇ-സിഗരറ്റുകൾ തുടങ്ങി എല്ലാത്തരം പുകയില ഉൽപ്പന്നങ്ങൾക്കും അനുബന്ധ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും ബാധകമാണ്. രാജ്യത്തുടനീളം ആരോഗ്യകരവും ചിട്ടയായതുമായ വാണിജ്യ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ഈ നടപടി. ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകൾ നഗരപ്രദേശത്തെ വാണിജ്യ കെട്ടിടത്തിനുള്ളിൽ ആയിരിക്കണം. കുറഞ്ഞത് 36 ചതുരശ്ര മീറ്റർ വിസ്തീർണം നിർബന്ധമാണ്.

സാധുവായ വാണിജ്യ രജിസ്ട്രേഷൻ, സിവിൽ ഡിഫൻസ് അംഗീകാരം, മുനിസിപ്പൽ ലൈസൻസിംഗ് നിയമങ്ങളുടെ പൂർണ്ണമായ പാലിക്കൽ എന്നിവ ലൈസൻസ് ലഭിക്കാൻ ആവശ്യമാണ്. ഭിന്നശേഷിക്കാർക്ക് പ്രവേശിക്കാൻ റാമ്പുകൾ, അലാറം, അഗ്നിശമന സംവിധാനങ്ങൾ, സൗദി ബിൽഡിംഗ് കോഡ് പ്രകാരമുള്ള ലൈറ്റിംഗ്, വെന്റിലേഷൻ എന്നിവ നിർബന്ധമാണ്. അകത്തും പുറത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം.18 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് കർശനമായി നിരോധിച്ചു. പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടാൻ വിൽപ്പനക്കാർക്ക് അധികാരമുണ്ട്. പായ്ക്കറ്റ് പൊട്ടിച്ച് ഒറ്റ സിഗരറ്റുകളായോ മറ്റ് ഉൽപ്പന്നങ്ങളോ ചില്ലറയായി വിൽക്കാൻ പാടില്ല. വില കുറച്ചോ, സമ്മാനമായോ, സൗജന്യ സാമ്പിളുകളായോ പ്രൊമോഷനൽ ഓഫറുകളുടെ ഭാഗമായോ പുകയില ഉൽപ്പന്നങ്ങൾ നൽകുന്നത് നിരോധിച്ചു. ലൈസൻസിംഗ് വിവരങ്ങൾ വ്യക്തമാക്കുന്ന ക്യൂ.ആർ കോഡ് കടകളിൽ പ്രദർശിപ്പിക്കണം.

പുകയിലയുടെ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് ബോർഡുകൾ നിർബന്ധമാണ്. പുറത്തുള്ള സൈൻ ബോർഡുകളിൽ സ്ഥാപനത്തിന്റെ പേര് അല്ലാതെ പരസ്യമോ പ്രൊമോഷൻ ലോഗോകളോ വെക്കാൻ പാടില്ല. വെൻഡിംഗ് മെഷീനുകൾ വഴി പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതും പ്രദർശിപ്പിക്കുന്നതും പൂർണ്ണമായും നിരോധിച്ചു. ഉത്ഭവം വ്യക്തമല്ലാത്തതോ തെറ്റിദ്ധാരണ നൽകുന്നതോ ആയ ഉൽപ്പന്നങ്ങൾ വിൽക്കാൻ പാടില്ല. ഇ-സിഗരറ്റ് ദ്രാവക ചോർച്ച തടയാൻ കർശനമായി അടച്ചിരിക്കണം. ഇത് വീണ്ടും നിറയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഈ നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ മുനിസിപ്പൽ അധികൃതർ കർശന നടപടിയെടുക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നിയമപരമായ വാണിജ്യ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും ഈ നിയന്ത്രണങ്ങൾ സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി
വൃത്തിയിൽ വിട്ടുവീഴ്ചയില്ല, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ