സൗദി അറേബ്യയിൽ അഴിമതി കൊടും കുറ്റം; വിദേശികളുൾപ്പെടെ 226 പേർക്കെതിരെ കേസ്

By Web TeamFirst Published Nov 28, 2020, 10:22 PM IST
Highlights

കൈക്കൂലി, ഓഫീസും സ്വാധീനവും ഉപയോഗിച്ച് വഞ്ചനയും ചൂഷണവും, പൊതുജനങ്ങളുടെ പണം തട്ടിയെടുക്കൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയാണ് ഈയിനത്തിൽ കണ്ടെത്തിയ കുറ്റകൃത്യങ്ങൾ. ഇതിലൂടെ പ്രതികൾ 1.22 ശതകോടി റിയാൽ അനധികൃതമായി സമ്പാദിച്ചുവെന്നും തെളിഞ്ഞു. 

റിയാദ്: രാജ്യത്ത് വിദേശികളുൾപ്പെടെ 226 പേർക്കെതിരെ അഴിമതി കേസ്. ഇത്രയും പേർ പ്രതികളായ 158 ക്രിമിനൽ കേസുകളാണ് സൗദി അഴിമതി വിരുദ്ധ അതോറിറ്റി രജിസ്റ്റർ ചെയ്തത്. കേസുകളിൽ ശക്തമായ നിയനടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരും മറ്റുള്ളവരും ചേർന്ന് നടത്തിയ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളാണ് കേസുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്. 

കൈക്കൂലി, ഓഫീസും സ്വാധീനവും ഉപയോഗിച്ച് വഞ്ചനയും ചൂഷണവും, പൊതുജനങ്ങളുടെ പണം തട്ടിയെടുക്കൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയാണ് ഈയിനത്തിൽ കണ്ടെത്തിയ കുറ്റകൃത്യങ്ങൾ. ഇതിലൂടെ പ്രതികൾ 1.22 ശതകോടി റിയാൽ അനധികൃതമായി സമ്പാദിച്ചുവെന്നും തെളിഞ്ഞു. ഈ കേസിൽ 48 പേരെ ചോദ്യം ചെയ്തു. ഇതിൽ 19 പേർ പ്രതിരോധ മന്ത്രാലയത്തിലെ ജീവനക്കാരും മൂന്നു പേർ മറ്റ് ഗവൺമെന്റ് ജീവനക്കാരും 18 പേർ വ്യവസായികളും എട്ട് പേർ സംയുക്ത സേനയുമായി കരാറുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാരുമാണ്. ഈ കമ്പനി ജീവനക്കാരിൽ മൂന്ന് പേർ വിദേശികളാണ്. 48 പേർക്കെതിരെയും കേസന്വേഷണം പൂർത്തിയായിട്ടുണ്ട്. ഇവരെ ശിക്ഷാനടപടിക്ക് വിധേയമാക്കും. അനധികൃത സമ്പാദ്യം ഗവൺമെൻറ് ഖജനാവിലേക്ക് കണ്ടുകെട്ടും. ബാക്കിയുള്ളതും സമാനമായ കൈക്കൂലി, സാമ്പത്തിക തിരിമറി കേസുകളാണ്. 

click me!