
റിയാദ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സൗദി ബഹിരാകാശ യാത്രികരായ റയാന അൽ ബർനവി, അലി അൽ ഖർനി, മർയം ഫിർദൗസ്, അലി അൽ ഗംദി എന്നിവർ ശനിയാഴ്ച രാവിലെ റിയാദിൽ വിമാനമിറങ്ങി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ അറബ് വനിതയെന്ന നേട്ടം കരസ്ഥമാക്കിയ റയാന അൽ ബർനവിയും കൂടെ അലി അൽ ഖർനിയും എട്ട് ദിവസം സഹതാമസക്കാരോടൊപ്പം വാനലോകത്ത് കഴിഞ്ഞ ശേഷം മെയ് 31 നാണ് ഭൂമിയിൽ തിരിച്ചെത്തിയത്.
ബഹിരാകാശ നിലയത്തിൽ മൈക്രോ ഗ്രാവിറ്റിയെക്കുറിച്ച് 14 ഗവേഷണങ്ങളാണ് ഇരുവരും നടത്തിയത്. അതിൽ മൂന്നെണ്ണം സൗദിയിലെ 47 പ്രദേശങ്ങളിൽ നിന്നുള്ള 12,000 സ്‌കൂൾ വിദ്യാർഥികളെ സാറ്റലൈറ്റ് വഴി പങ്കെടുപ്പിച്ചുകൊണ്ടുള്ള പട്ടം പറത്തൽ പരീക്ഷണങ്ങളായിരുന്നു. നാസ, സ്‌പേസ് എക്‌സ്, ആക്‌സിയം സ്‌പേസ്, സൗദി സ്‌പേസ് അതോറിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക ദൗത്യത്തിന്റെ ഭാഗമായാണ് ഇവർ ഉൾപ്പെടുന്ന സംഘം യാത്ര ചെയ്തത്. 'സ്‌പേസ് എക്‌സ്' നിർമിച്ച 'ഫാൽക്കൺ-9' ബഹിരാകാശ പേടകമാണ് റയാനയെയും അൽ ഖർനിയെയും വഹിച്ച് യു.എസിലെ ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് കുതിച്ചത്. മുൻ നാസ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സണും അമേരിക്കൻ സംരംഭകൻ ജോൺ ഷോഫ്നറും ഇവർക്കൊപ്പമുണ്ടായിരുന്നു. അമേരിക്കയിൽ ഒരു വർഷത്തോളം നീണ്ട പരീക്ഷണത്തിനൊടുവിലാണ് റയാനയും അലിയും ബഹിരാകാശത്തേക്ക് പുറപ്പെട്ടത്.
ശനിയാഴ്ച രാവിലെ സൗദി എയർലൈൻസ് വിമാനത്തിൽ കിങ് ഖാലിദ് വിമാനത്താവളത്തിലിറങ്ങിയ സംഘത്തെ കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രിയും സൗദി ബഹിരാകാശ ഏജൻസി (എസ്.എസ്.എ) ചെയർമാനുമായ ഡോ. അബ്ദുല്ല അൽ സവാഹ, എസ്.എസ്.എ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ഫയാദ് അൽ റുവൈലി, കിംങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്‌നോളജി പ്രസിഡന്റ് ഡോ. മുനീർ അൽ ദുസൂക്കി, എസ്.എസ്.എ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് അൽ തമീമി, കിംങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി സി.ഇ.ഒ മാജിദ് അൽ ഫയാദ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
നാളെ (തിങ്കൾ) ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ നടക്കുന്ന 'റിയാദ് എക്‌സ്‌പോ 2030' പ്രദർശനത്തിൽ റയാന അൽ ബർനവി, അലി അൽ ഖർനിയും പങ്കെടുക്കുന്നുണ്ട്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്‍ രാജകുമാരന്റെ സാന്നിധ്യത്തിൽ നടക്കുന്ന പ്രദർശനത്തിൽ 179 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam