
റിയാദ്: സൗദി (Saudi Arabia) തലസ്ഥാന നഗരത്തിലെ പുതിയ ഗതാഗത സൗകര്യമായി ഒരുങ്ങുന്ന റിയാദ് മെട്രോ (Riyadh Metro) പദ്ധതിയുടെ 92 ശതമാനം നിർമാണ ജോലികളും പൂർത്തിയായി. റിയാദ് നഗരത്തിന്റെ മുക്കുമൂലകളെ തമ്മിൽ കൂട്ടിയിണക്കുന്ന ആറ് ലൈൻ മെട്രോ (Six lane Metro) റെയിലുകളിലൂടെ വൈകാതെ ട്രെയിനുകൾ ഓടിത്തുടങ്ങും. മെട്രോ പദ്ധതിയുടെ മുഴുവൻ നിർമാണ, സിവിൽ ജോലികളും പൂർത്തിയായതായി റിയാദ് റോയൽ കമ്മീഷൻ (Riyadh Royal Commission) ഉപദേഷ്ടാവ് ഹുസാം അൽഖുറശി പറഞ്ഞു.
റിയാദ് മെട്രോ ട്രെയിൻ പരീക്ഷണ സർവീസിൽ യാത്ര ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്ന ജോലികളാണ് അവശേഷിക്കുന്നത്. റിയാദ് മെട്രോയിലേക്കുള്ള 184 ട്രെയിനുകൾ ഇറക്കുമതി ചെയ്ത് പരീക്ഷണ സർവീസുകൾ നടത്തി, സുരക്ഷിതത്വവും സുസജ്ജതയും ഉറപ്പുവരുത്തിവരികയാണ്. പരീക്ഷണ സർവീസുകൾക്കിടെ മുഴുവൻ ട്രാക്കുകളിലുമായി ആകെ 20 ലക്ഷം കിലോമീറ്റർ ദൂരം ട്രെയിനുകൾ ഓടി. ലോകത്തെ ഏറ്റവും ബൃഹത്തായ ഗതാഗത പദ്ധതികളിൽ ഒന്നായ റിയാദ് മെട്രോയിൽ ആറു ട്രാക്കുകളാണുള്ളത്. 84 സ്റ്റേഷനുകളാണുള്ളത്. 350 കിലോമീറ്റർ നീളത്തിൽ റെയിൽപാത സ്ഥാപിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായ ബസ് റൂട്ട് ശൃംഖല 1,800 കിലോമീറ്റർ കവർ ചെയ്യും. സ്റ്റേഷനുകളുടെ നിർമാണ ജോലികൾ 80 ശതമാനവും പൂർത്തിയായി. പരീക്ഷണ സർവീസുകളിലൂടെ ട്രെയിൻ സർവീസുകൾ നിയന്ത്രിക്കുന്ന കൺട്രോൾ സെന്ററുകളുടെ കാര്യക്ഷമതയും സുസജ്ജതയും പരീക്ഷിച്ചുവരികയാണ്. പദ്ധതിയുടെ ഭാഗമായ ബസുകൾ ഔദ്യോഗിക സർവീസ് ആരംഭിക്കുന്നതിനുള്ള മുന്നൊരുക്ക ഘട്ടത്തിലാണ്. വൈകാതെ ബസുകൾ യാത്രക്കാരുമായി സർവീസ് നടത്തും. തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനും കാർബൺ ബഹിർഗമനം കുറക്കാനും റിയാദ് മെട്രോ പദ്ധതി സഹായിക്കുമെന്നും ഹുസാം അൽഖുറശി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam