
റിയാദ്: മൊബൈൽ ഫോണിൽ വിപിഎൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ? സൗദി പൊലീസിൻറെ ശ്രദ്ധയിൽപ്പെട്ടാൽ പണി കിട്ടും. 10 ലക്ഷം റിയാൽ (രണ്ട് കോടിയോളം രൂപ) പിഴയോ അല്ലെങ്കിൽ ഒരു വർഷം തടവോ രണ്ടും കൂടിയോ എന്തായാലും ശിക്ഷ ഉറപ്പാണ്. നിരോധിത വെബ് സൈറ്റുകളും ആപ്ലിക്കേഷനുകളും തുറക്കാൻ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ‘വിർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്’ (വി.പി.എൻ). പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ ഈ ആപ്ലിക്കേഷൻ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്ത്, സൗദിയിൽ നിലവിൽ തടയപ്പെട്ട സൈറ്റുകളും ആപ്ലിക്കേഷനുകളുമെല്ലാം എളുപ്പത്തിൽ തുറക്കാനാവും. എന്നാൽ വി.പി.എൻ ഇൻസ്റ്റാൾ ചെയ്ത ഫോണിലൂടെ വളരെയെളുപ്പം ഉപയോഗിക്കാനാവും.
വാട്സ്ആപ് ഓഡിയോ വീഡിയോ കാളിന് സൗദിയിൽ വിലക്കുള്ളതിനാൽ അത് ലഭ്യമാക്കാനും ആളുകൾ വി.പി.എൻ പഴുത് ഉപയോഗപ്പെടുത്താറുണ്ട്. ഇതുപോലെ തടയപ്പെട്ട പല ആപ്പുകളുടെയും ഏതാണ്ടെല്ലാ സേവനങ്ങളും ലഭ്യമാക്കാൻ പലരും നിയമത്തെയും ശിക്ഷയേയും കുറിച്ച് വേണ്ടത്ര അവബോധമില്ലാതെ തങ്ങളുടെ ഫോണുകളിൽ വി.പി.എൻ ഇൻസ്റ്റാൾ ചെയ്യാറുണ്ട്. രാജ്യത്തിെൻറ പാരമ്പര്യവും സാമൂഹികവുമായ മത ധാർമിക മൂല്യങ്ങൾക്കും നിയമ വ്യവസ്ഥകൾക്കും വിരുദ്ധമായതും രാജ്യരക്ഷ അപകടത്തിലാക്കുന്നതുമായ വെബ്സൈറ്റുകളും ആപ്പുകളും കണ്ടെത്തി തടയുന്നത് സൗദിയിൽ കമ്യൂണിക്കേഷൻ, സ്പേസ് ആൻഡ് ടെക്നോളജി കമീഷൻ (സി.ഐ.ടി.സി) ആണ്.
Read Also - ജോലി ചെയ്യുന്ന കടയിൽ പ്രവാസി മലയാളി കുത്തേറ്റു മരിച്ചു; വാക്കു തർക്കം കൊലപാതകത്തിൽ കലാശിച്ചു
പൊലീസോ മറ്റ് ഉത്തരവാദപ്പെട്ടവരോ ഫോണിൽ വി.പി.എൻ കണ്ടെത്തിയാൽ നിയമനടപടിക്ക് പിന്നെ കാലതാമസമുണ്ടാവില്ലെന്ന് ഓർമപ്പെടുത്തുകയാണ് അധികൃതർ. വി.പി.എൻ ഇൻസ്റ്റാൾ ചെയ്ത ശേഷം അത് ഫോണിൽ ഒളിപ്പിച്ചിട്ടാലും സംശയം തോന്നുന്ന പക്ഷം പൊലീസിന് നിഷ്പ്രയാസം ട്രാക്ക് ചെയ്ത് കണ്ടെത്താൻ കഴിയും. ഇതിന് പുറമെ നിരോധിക്കപ്പെട്ട ഏതെങ്കിലും വെബ്സൈറ്റ് തുറന്നതായി തെളിഞ്ഞാൽ രാജ്യത്തെ ആൻറി സൈബർ ക്രൈം നിയമം ആർട്ടിക്കിൾ മൂന്ന് പ്രകാരം അഞ്ച് ലക്ഷം റിയാലാണ് പിഴ ശിക്ഷ. ലൈംഗീക ഉള്ളടക്കങ്ങളുള്ള ഏതാണ്ട് 60,000 വെബ്സൈറ്റുകളാണ് രാജ്യത്ത് നിരോധിച്ചിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ