
റിയാദ്: വ്യാജ പാസ്‍പോർട്ടുകൾ കണ്ടെത്താൻ ഏറ്റവും നൂതന സാങ്കേതിക സംവിധാനം ഒരുക്കിയതായി മക്ക മേഖല പാസ്‍പോർട്ട് വക്താവ് മേജർ ഹാമിദ് അൽഹാരിതി പറഞ്ഞു. സൗദിയില്‍ എത്തുന്ന തീർഥാടകരുടെ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് പാസ്‌പോർട്ട് ഡയറക്ട്രേറ്റ് ഉപയോഗിക്കുന്നത് നാല് നൂതന സാങ്കേതിക ഉപകരണങ്ങളാണ്. ഇതിലൊന്ന് വ്യാജ രേഖകൾ കണ്ടെത്തുന്നതിനാണ്.
ലോകത്തെ വിവിധ രാജ്യങ്ങളുടെ 250-ലേറെ തരം പാസ്‌പോർട്ടുകളുടെ ഡാറ്റാബേസാണ് ഈ സംവിധാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. യാത്രാരേഖകളിൽ കൃത്രിമത്വം നടന്നിട്ടില്ലെന്ന് വേഗത്തിൽ ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കും.
കൂടാതെ ‘മൊബൈൽ ബാഗ്’ സേവനവും പാസ്‍പോര്‍ട്ട് വകുപ്പിനുണ്ട്. ഇത് സമ്പൂർണ പാസ്‌പോർട്ട് പ്ലാറ്റ്‌ഫോമാണ്. അത്യാവശ്യ ഘട്ടങ്ങളിലാണ് ഇത് ഉപയോഗിക്കുന്നത്. ഇതിലൂടെയും യാത്രക്കാരുടെ പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കാനും അവരുടെ ബയോമെട്രിക് അടയാളങ്ങൾ രേഖപ്പെടുത്താനും സാധിക്കും. അതിൽ ഘടിപ്പിച്ച ഡോക്യുമെന്റേഷൻ കാമറ വഴി ആളുകളുടെ സുപ്രധാന ബയോമെട്രിക്ക് അടയാളങ്ങളിലൂടെ ഐഡന്റിറ്റി പരിശോധിക്കാനാകുമെന്നും പാസ്‍പോർട്ട് വക്താവ് പറഞ്ഞു.
ഈ വർഷം ഹജ്ജിന് 20 ലക്ഷം തീർത്ഥാടകർ, കൂടുതൽ വിദേശികൾക്ക് ഹജ്ജിനെത്താം
റിയാദ്: ഈ വർഷം 20 ലക്ഷം പേർ ഹജ്ജ് നിർവഹിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അംറ് അൽമദ്ദാഹ് പറഞ്ഞു. മുൻവർഷങ്ങളിൽ കൊറോണ സാഹചര്യത്തെ തുടർന്ന് തീർത്ഥാടകരുടെ തീർത്തും വെട്ടിക്കുറച്ചിരുന്നു . അതിന് പിന്നാലെ കഴിഞ്ഞ വർഷം 10 ലക്ഷം തീർത്ഥാടകരെ അനുവദിച്ചു. ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്നുള്ള 18 ലക്ഷം പേരും സൗദി അറേബ്യക്ക് അകത്തു നിന്നുള്ള രണ്ടു ലക്ഷത്തോളം പേരുമാണ് ഹജ്ജ് നിർവഹിക്കുക. കൊറോണ മഹാമാരിക്കു മുമ്പുണ്ടായിരുന്നതു പോലെ പൂർണ ശേഷിയിൽ ഇത്തവണ ഹജ്ജ് തീർഥാടകരെ സ്വീകരിക്കും.
ഈ വർഷത്തെ ഹജ്ജിന് ഇമ്മ്യൂണൈസേഷൻ, പ്രായ വ്യവസ്ഥകൾ ബാധകമല്ല. ഇത്തവണത്തെ ഹജ്ജിന് കൂടുതൽ മെച്ചപ്പെട്ട ഗുണനിലവാരത്തിലുള്ള സേവനങ്ങൾ ലഭിക്കും. ഹജ്ജ് തീർത്ഥാടകർക്ക് ലഭ്യമായ ഓപ്ഷനുകൾ വിപുലമാക്കുകയും ചെയ്തിട്ടുണ്ട്. മുമ്പ് അംഗീകരിച്ചതു പ്രകാരം ഓരോ രാജ്യത്തെയും മുസ്‌ലിം ജനസംഖ്യയിൽ ആയിരം പേർക്ക് ഒന്ന് എന്ന അനുപാതത്തിലാണ് ഹജ്ജ് ക്വാട്ട നിർണയിക്കുന്നതെന്നും ഡോ. അംറ് അൽമദ്ദാഹ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam