സിറിയക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് സൗദി മന്ത്രിസഭ

Published : Jul 25, 2025, 10:36 AM IST
saudi ruler

Synopsis

സിറിയയുടെ പുനർനിർമാണത്തിലും സുരക്ഷ, സ്ഥിരത, ഐക്യം, പരമാധികാരം എന്നിവ ഉറപ്പാക്കുന്നതിലും അഹ്മദ് അൽഷറാ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്നും യോഗം ഊന്നിപ്പറഞ്ഞു.

റിയാദ്: സിറിയൻ സർക്കാരിനുള്ള പിന്തുണ ആവർത്തിച്ച് സൗദി മന്ത്രിസഭ. ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം സിറിയയിലെ വികസനം സംബന്ധിച്ച് സൗദിയും ഇതര രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. ഈ വിഷയത്തിൽ സൗദിയടക്കം വിവിധ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയുടെ ഉള്ളടക്കത്തെ സ്വാഗതം ചെയ്തു. സിറിയയുടെ പുനർനിർമാണത്തിലും സുരക്ഷ, സ്ഥിരത, ഐക്യം, പരമാധികാരം എന്നിവ ഉറപ്പാക്കുന്നതിലും അഹ്മദ് അൽഷറാ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്നും യോഗം ഊന്നിപ്പറഞ്ഞു.

സിറിയൻ ജനതക്കും അറബ്, ഇസ്ലാമിക രാജ്യങ്ങൾക്കും ലോകമെമ്പാടുമുള്ള എല്ലാത്തരം ദുരിതബാധിതരായ ജനങ്ങൾക്കും സൗദി ചാരിറ്റി ഏജൻസിയായ കിങ് സൽമാൻ റിലീഫ് കേന്ദ്രം വഴി നൽകുന്ന ദുരിതാശ്വാസ, മാനുഷിക പ്രവർത്തനങ്ങളെ മന്ത്രിസഭ വിലയിരുത്തി. ഗാസയിലെ ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കണമെന്നും അവിടേക്കുള്ള മാനുഷിക സഹായത്തിനുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കണമെന്നും ദുരിതബാധിതർക്ക് സഹായങ്ങൾ സുരക്ഷിതമായി എത്തിക്കണമെന്നും ആവശ്യപ്പെട്ട് 26 രാജ്യങ്ങൾ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയെ മന്ത്രിസഭ സ്വാഗതം ചെയ്തു. പ്രതിസന്ധി മനഃപൂർവം നീട്ടിക്കൊണ്ടുപോകുകയും പ്രാദേശിക, അന്തർദേശീയ സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന ഇസ്രായേലിെൻറ നിർദാക്ഷിണ്യ നിലപാടിനെ തിരുത്താൻ അന്താരാഷ്ട്ര സമൂഹം വേഗത്തിൽ തീരുമാനങ്ങൾ എടുക്കുകയും പ്രായോഗിക നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന സൗദിയുടെ ആഹ്വാനം മന്ത്രിസഭ ആവർത്തിച്ചു.

കോംഗോ സർക്കാരും അവിടുത്തെ വിമതസംഘമായ കോംഗോ റിവർ അലയൻസും തമ്മിൽ തത്വ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതിനെ സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു. ഇത് മാനുഷികവും സാമ്പത്തികവുമായ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഗുണം ചെയ്യുന്നതിനുമുള്ള ഒരു നല്ല ചുവടുവയ്പ്പായിരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. 27 രാജ്യങ്ങളിൽനിന്നുള്ള 150 സയാമീസ് ഇരട്ടകൾക്ക് വൈദ്യപരിചരണം നൽകുകയും അവരിൽ 65 ജോഡികളെ വിജയകരമായി വേർപ്പെടുത്താൻ ശസ്ത്രക്രിയകൾ നടത്തുകയും ചെയ്ത ‘സൗദി കൺജോയിൻഡ് ട്വിൻസ് പ്രോഗ്രാമി’ന്‍റെ നേട്ടങ്ങളെ മന്ത്രിസഭ പ്രശംസിച്ചു. സൗദിയിൽനിന്ന് യൂറോപ്യൻ ഭൂഖണ്ഡത്തിലേക്ക് പുനരുപയോഗ ഊർജവും ഹരിത ഹൈഡ്രജനും കയറ്റുമതി ചെയ്യുന്നതിനുള്ള ഒരു സംയോജിത സംവിധാനം വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചതിനെ മന്ത്രിസഭ പ്രശംസിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭീകരപ്രവർത്തനങ്ങൾ; മൂന്ന് തീവ്രവാദികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരം, വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി