ഇറാനെതിരെ ഇസ്ലാമിക രാജ്യങ്ങളുടെ പിന്തുണ തേടി സൗദി

By Web TeamFirst Published May 30, 2019, 1:08 PM IST
Highlights

 യുഎഇ തീരത്ത് എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു സൗദിയുടെ നീക്കം. 

റിയാദ്: പതിനാലാമത് ഇസ്ലാമിക ഉച്ചകോടിക്ക് മുന്നോടിയായി   ഇറാനെതിരെ ഇസ്ലാമിക രാജ്യങ്ങളുടെ പിന്തുണ തേടി സൗദി അറേബ്യ. മേഖലയില്‍ സംഘര്‍ഷ സാധ്യത മുറുകുന്നതിനിടെയാണ് ഗള്‍ഫ് മേഖലയിലെ എണ്ണ സംസ്കരണ കേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി സൗദിയുടെ നീക്കം.

ബുധനാഴ്ച ജിദ്ദയില്‍ നടന്ന ഒഐസി രാജ്യങ്ങളുടെ മന്ത്രിതല സമ്മേളനത്തിലാണ് ഇറാനെതിരെ സൗദി വിദേശകാര്യ മന്ത്രി ഇബ്രാഹീം അല്‍ അസാഫ് ആഞ്ഞടിച്ചത്. യുഎഇ തീരത്ത് എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു സൗദിയുടെ നീക്കം. മറ്റ് രാജ്യങ്ങളുടെ കാര്യത്തില്‍ ഇറാന്‍ ഇടപെടുന്നതിന്റെ തെളിവാണ് യെമനിലെ ഹൂതി വിമതര്‍ക്ക് നല്‍കുന്ന പിന്തുണ. ഇത് ഇസ്ലാമിക രാജ്യങ്ങള്‍ എതിര്‍ക്കേണ്ടതുണ്ട്. എണ്ണ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ആക്രമണം ആഗോള സാമ്പത്തിക രംഗത്തിനും മേഖലയുടെയും ആഗോള സുരക്ഷയ്ക്കും ഭീഷണിയുമാണ്. സൗദി ആരാംകോയുടെ എണ്ണ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണങ്ങള്‍ ഭീകരാക്രമണങ്ങള്‍ തന്നെയാണെന്നും നിശ്ചയദാര്‍ഢ്യത്തോടെ അതിനെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. ഒഐസി രാജ്യങ്ങളുടെ പതിനാലാമത് ഉച്ചകോടി വെള്ളിയാഴ്ച മക്കയില്‍ നടക്കും.

click me!