
റിയാദ്: സൗദി അറേബ്യയിലെയും മധ്യപൗരസ്ത്യ മേഖലയിലെയും പ്രകൃതിയെ സംരക്ഷിക്കുന്നതിനും കാലാവസ്ഥാവ്യതിയാനം നേരിടുന്നതിനും രണ്ട് വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. സൗദി ഗ്രീൻ, മിഡിൽ ഈസ്റ്റ് ഗ്രീൻ എന്നീ രണ്ട് സംരംഭങ്ങൾ ഉടനെ ആരംഭിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു.
പ്രധാന ആഗോള എണ്ണ ഉൽപാദക രാജ്യമെന്ന നിലയിൽ കാലാവസ്ഥ പ്രതിസന്ധിക്കെതിരായ പോരാട്ടം മുന്നോട്ടു കൊണ്ടുപോകുന്നതിന് സൗദി അറേബ്യക്കുള്ള ഉത്തരവാദിത്തം നന്നായി അറിയാമെന്നും ഹരിതയുഗത്തിലേക്ക് ഭാവിയെ നയിക്കാൻ പ്രവർത്തിക്കുമെന്നും കിരീടാവകാശി പറഞ്ഞു. കാർബൺ ഉൽപാദനം കുറക്കാൻ വേണ്ടി പ്രവർത്തിക്കും. മരുഭൂവത്കരണം പോലുള്ള നിരവധി പാരിസ്ഥിതിക വെല്ലുവിളികൾ രാജ്യവും മേഖലയും നേരിടുന്നുണ്ട്. ഇതു മേഖലക്ക് സാമ്പത്തിക ഭീഷണിയുണ്ടാക്കുന്നു. സൗദി ഗ്രീൻ സംരംഭത്തിലൂടെ സസ്യസംരക്ഷണം വർധിപ്പിക്കാനും കാർബൺ ബഹിര്‍ഗമനം കുറക്കാനും ഭൂമിയുടെ നാശത്തെ ചെറുക്കാനും സമുദ്ര ജീവികളെ സംരക്ഷിക്കാനും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞ.
വിവിധ പദ്ധതികളുൾപ്പെടുന്നതാണ് ഇരു സംരംഭങ്ങളും. സൗദി അറേബ്യയിൽ 10 ശതകോടി വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. 40 ദശലക്ഷം ഹെക്ടർ തരിശായ ഭൂമി ഹരിതവത്കരിക്കുന്നതിനു തുല്ല്യമാണിത്. ഹരിത സ്ഥലങ്ങളുടെ വിസ്തൃതി ഇതോടെ 12 മടങ്ങ് വർദ്ധിക്കും. കൂടാതെ സംരക്ഷിത വനപ്രദേശങ്ങളുടെ വിസ്തൃതി 30 ശതമാനത്തിലധികം വർദ്ധിപ്പിക്കാനും പദ്ധതിയുണ്ട്. നിലവില്‍ ഇത് ആറ് ലക്ഷം ചതുരശ്ര കിലോമീറ്റർ എന്നാണ് കണക്കാക്കുന്നത്. ഒരോ രാജ്യത്തിന്റെയും 17 ശതമാനം പ്രദേശം സംരക്ഷിക്കുകയെന്ന നിലവിലെ ആഗോള ലക്ഷ്യം ഇതിലൂടെ കൈവരിക്കും.
ഗ്രീൻ മിഡിൽ ഈസ്റ്റ് സംരംഭം ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുമായി സഹകരിച്ചായിരിക്കും നടപ്പിലാക്കുക. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലായി 40 ശതകോടി മരങ്ങൾ നട്ടുപിടിപ്പിക്കാൻ ശ്രമിക്കും. മൊത്തം 50 ശതകോടി വൃക്ഷതൈകൾ നട്ടുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും മരംനടൽ പദ്ധതിയായിരിക്കും ഇതെന്നും കിരീടാവകാശി പറഞ്ഞു. മരം നടൽ പദ്ധതിയിലൂടെ 200 ദശലക്ഷം ഹെക്ടർ തരിശായ പ്രദേശത്തെ പുനരധിവസിപ്പാക്കാനും. ആഗോള കാർബൺ നിരക്കിൽ 2.5 ശതമാനം കുറവ് വരുത്താൻ ഇതിലൂടെ കഴിയും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam