'എക്‌സ്‌പോ 2030' തയ്യാറെടുപ്പുകൾ; സൗദി കിരീടാവകാശി ബി.ഐ.ഇ മേധാവിയുമായി ചർച്ച നടത്തി

By Web TeamFirst Published May 4, 2024, 8:18 AM IST
Highlights

2030 ഒക്ടോബർ മുതൽ 2031 മാർച്ച് വരെയാണ് റിയാദ് എക്‌സ്‌പോ 2030.  വിഷൻ 2030ന്റെ സമാപനത്തോടനുബന്ധിച്ചാണ് എക്സ്പോ ഇവൻറ് നടക്കുകയെന്ന് കിരീടാവകാശി നേരത്തെ വ്യക്തമാക്കിയിരുന്നു.

റിയാദ്: സൗദിയിൽ വരാനിരിക്കുന്ന 'എക്‌സ്‌പോ 2030' തയ്യാറെടുപ്പുകളെ കുറിച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ  ബ്യൂറോ ഓഫ് ഇൻറർനാഷണൽ ഡെസ് എക്സ്പോസിഷൻ (ബി.ഐ.ഇ)  സെക്രട്ടറി ജനറൽ ദിമിത്രി കെർകെൻറ്‌സെസുമായി ചർച്ച നടത്തി. ബുധനാഴ്ച റിയാദിൽ നടത്തിയ കൂടിക്കാഴ്ചയിൽ എക്‌സ്‌പോ 2030 ന് ആതിഥേയത്വം വഹിക്കുന്നതിനുള്ള സൗദിയുടെ തയ്യാറെടുപ്പുകളും ക്രമീകരണങ്ങളും ബി.ഐ.ഇ മേധാവിയുമായുള്ള കൂടിക്കാഴ്ചയിൽ കിരീടാവകാശി ചർച്ച ചെയ്തു. സഹമന്ത്രിയും റിയാദ് നഗര റോയൽ കമ്മീഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എഞ്ചിനീയർ ഇബ്രാഹിം അൽസുൽത്താൻ, പൊതുനിക്ഷേപ ഫണ്ട് ഗവർണർ യാസർ അൽറുമയ്യൻ എന്നിവർ സന്നിഹിതരായിരുന്നു.

‘മാറ്റത്തിന്റെ യുഗം: ദീർഘവീക്ഷണമുള്ള നാളെക്കായി ഒരുമിച്ച്’ എന്ന പ്രമേയത്തിന് കീഴിൽ 2030 ഒക്ടോബർ മുതൽ 2031 മാർച്ച് വരെയാണ് റിയാദ് എക്‌സ്‌പോ 2030.  വിഷൻ 2030ന്റെ സമാപനത്തോടനുബന്ധിച്ചാണ് എക്സ്പോ ഇവൻറ് നടക്കുകയെന്ന് കിരീടാവകാശി നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് പ്രദർശനം നടക്കുക. പങ്കെടുക്കുന്നവർക്കും ദശലക്ഷക്കണക്കിന് സന്ദർശകർക്കും അസാധാരണമായ ആഗോള അനുഭവം നൽകുക എന്നതാണ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കുന്നതിലുടെ സൗദി അറേബ്യ ലക്ഷ്യമിടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!