
റിയാദ്: സൗദി അറേബ്യ രണ്ടാഴ്ചപോലും അമേരിക്കന്‍ സഹായം ഇല്ലാതെ നിലനില്‍ക്കില്ലെന്ന ട്രംപിന്‍റെ പരാമര്‍ശനത്തിനെതിരെ സൗദി. അമേരിക്ക രൂപീകൃതമാകുന്നതിനും മുപ്പതുവർഷം മുമ്പാണ് സൗദി സ്ഥാപിതമായതെന്നും ഒബാമയ്ക്ക് പോലും സൗദിയുടെ നയങ്ങളെ തോൽപ്പിക്കാനായില്ലെന്നാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞത്. ഒരു രാജ്യാന്തര മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു കിരീടാവകാശിയുടെ മറുപടി.
എണ്ണവില കൂടുന്നതിനാൽ ഉൽപ്പാദനം വർധിപ്പിക്കണമെന്ന അമേരിക്കയുടെ നിർദേശം അവഗണിച്ചുവെന്ന പരാതികൾക്കിടെയായിരുന്നു പ്രസിഡന്‍റ് ട്രംപിന്‍റെ ഈ പ്രസ്താവന. എന്നാൽ, ഇറാൻ എണ്ണ കയറ്റുമതി കുറയ്ക്കുകയാണെങ്കിൽ ഉൽപ്പാദനം വർധിപ്പിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടതെന്നും അതനുസരിച്ച് ഒന്നരലക്ഷം മില്യൺ ബാരൽ എണ്ണ അധികമായി ഉൽപ്പാദിപ്പിക്കുന്നതായും സൗദി കിരീടാവകാശി വ്യക്തമാക്കി.
വിപണിയിൽ എണ്ണക്കുറവു അനുഭവപ്പെടുന്നില്ലെന്നു സൗദി ഉറപ്പുവരുത്തുണ്ട്. കൃത്യതയില്ലാത്ത പരാമർശമാണ് ട്രംപ് നടത്തിയത്. സൗദിയുടെ പശ്ചിമേഷ്യൻ നയങ്ങൾക്കെതിരെയായിരുന്നു എട്ടുവർഷക്കാലത്തെ ഒബാമയുടെ പ്രവർത്തനം. എന്നാൽ, ആ സമയത്തും രാജ്യതാൽപര്യങ്ങൾ സ്വന്തം നിലയിൽ സംരക്ഷിക്കാനായിട്ടുണ്ടെന്നും ഈജിപ്തിലടക്കം ഒബാമ പരാജയപ്പെടുകയായിരുന്നുവെന്നും മുഹമ്മദ് ബിൻ സൽമാൻ ഓർമിപ്പിച്ചു.
രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്ക് ഇനി പണം നൽകാനില്ല. യുഎസില്‍ നിന്നുള്ള എല്ലാ യുദ്ധ സാമഗ്രികള്‍ക്കും സേവനങ്ങള്‍ക്കും നേരത്തെതന്നെ പണം നല്‍കിയിട്ടുണ്ട്. അതേസമയം, സുഹൃത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ തെറ്റായപരാമർശമായാണ് ട്രംപിന്‍റെ പ്രസ്താവനയെ കാണുന്നതെന്നും മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam