സൗദി സ്വദേശിയുടെ പണം തട്ടിയെന്ന കേസ്: ജയിലിലായ മലയാളി കുറ്റക്കാരനല്ലെന്ന് ദമ്മാം കോടതി വിധി

By Web TeamFirst Published Nov 16, 2019, 11:55 PM IST
Highlights

ഏകദേശം പതിനാല് ലക്ഷത്തിലധികം ഇന്ത്യൻ രൂപയ്ക്കു തുല്യമായ 74,347 റിയാൽ സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തു എന്നായിരുന്നു മലയാളിക്ക് എതിരായ കേസ്

റിയാദ്: സൗദിയിൽ സ്വദേശി പൗരന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തെന്ന കേസിൽ ജയിലിലായ മലയാളിക്ക് അനുകൂല വിധി. കഴിഞ്ഞ ഏഴുമാസമായി ജയിൽ കഴിഞ്ഞിരുന്ന കൊട്ടാരക്കര സ്വദേശിയെയാണ് ദമ്മാം ക്രിമിനൽ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടത്.

ഏകദേശം പതിനാല് ലക്ഷത്തിലധികം ഇന്ത്യൻ രൂപയ്ക്കു തുല്യമായ 74,347 റിയാൽ സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തു എന്നായിരുന്നു മലയാളിക്ക് എതിരായ കേസ്. ഏഴു മാസം മുൻപ് സ്വദേശിയുടെ മൊബൈലിലേക്ക് വന്ന ബാങ്കിൽ നിന്നുള്ള മെസേജിൽ തന്‍റെ മൊബൈൽ നമ്പർ രേഖപ്പെടുത്തിയിരുന്നതാണ് ദമ്മാമിൽ നാലു വർഷമായി ജോലി ചെയ്യുന്ന മലയാളിക്ക് കുരുക്കായത്.

ബാങ്കിലെ ഉദ്യോഗസ്ഥനെന്ന പേരിലാണ് മലയാളിയുടെ മൊബൈൽ നമ്പർ ആ മെസേജിൽ കൊടുത്തിരുന്നത്. മാത്രമല്ല ആ മൊബൈൽ നമ്പറിലേക്കു ബാങ്കിന്‍റെ പാസ്സ്‌വേർഡ് അയക്കണമെന്ന സന്ദേശവും ലഭിച്ചിരുന്നു. തുടർന്ന് പാസ്സ്‌വേർഡ് അയച്ചു കൊടുത്ത സൗദി സ്വദേശിക്ക് തന്‍റെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു. പൊലീസിൽ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് മൊബൈൽ നമ്പർ ഉടമയായ മലയാളി പിടിക്കപ്പെടുന്നത്.

ദമ്മാം ക്രിമിനൽ കോടതി ഇയാൾ നിരപരാധിയാണെന്നു വിധിച്ചെങ്കിലും ക്രിമിനൽ കോടതി വിധി ഇനി അപ്പീൽ കോടതി സ്ഥിരീകരിക്കണം. എങ്കിൽ മാത്രമേ പൂർണമായ മോചനം സാധ്യമാകുകയുള്ളു.

click me!