'സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വാ‍‌ർത്ത'; അൽ ഖർജിൽ വ്യോമത്താവളത്തിന് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് സൗദി പ്രതിരോധ മന്ത്രാലയം

Published : Jun 09, 2026, 05:15 PM IST
saudi defense ministry

Synopsis

അൽ ഖർജിലെ അമീർ സുൽത്താൻ വ്യോമതാവളം ആക്രമിക്കപ്പെട്ടെന്ന സാമൂഹിക മാധ്യമങ്ങളിലെ വാർത്തകൾ നിഷേധിച്ച് സൗദി പ്രതിരോധ മന്ത്രാലയം. യമനിൽ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ റഡാറിൽ നിന്ന് അപ്രത്യക്ഷമായതിനെ തുടർന്നുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് സൈറൺ മുഴങ്ങിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. 

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗര പ്രാന്തത്തിലുള്ള അൽ ഖർജ് മേഖലയിലെ അമീർ സുൽത്താൻ വ്യോമതാവളം ലക്ഷ്യമിട്ട് ആക്രമണം നടന്നതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. ഈ വാർത്തകൾ പൂർണമായും തെറ്റാണെന്നും ജനങ്ങൾ ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

സൈറൺ മുഴങ്ങിയത് മുൻകരുതലിന്റെ ഭാഗം

തിങ്കളാഴ്ച പുലർച്ചെ അൽ ഖർജ് മേഖലയിൽ അടിയന്തര അപായ സൈറണുകൾ മുഴങ്ങാനിടയായ സാഹചര്യം വിശദീകരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യമനിൽ നിന്ന് സൗദി ലക്ഷ്യമാക്കി വിക്ഷേപിച്ച ഒരു ബാലിസ്റ്റിക് മിസൈൽ അതിർത്തിക്ക് സമീപത്തുവെച്ച് റഡാറുകളിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. ഇതിനെ തുടർന്ന് സുരക്ഷ മുൻനിർത്തി സ്വീകരിച്ച താൽക്കാലിക മുൻകരുതൽ നടപടിയുടെ ഭാഗമായി മാത്രമാണ് സൈറണുകൾ പ്രവർത്തിപ്പിച്ചത്.

മിസൈൽ വിക്ഷേപണത്തിെൻറ പശ്ചാത്തലത്തെക്കുറിച്ചും അത് എവിടെയാണ് പതിച്ചതെന്നതിനെക്കുറിച്ചും കൂടുതൽ കൃത്യമായ വിശദാംശങ്ങൾ കണ്ടെത്താൻ പ്രതിരോധ വിഭാഗം നിലവിൽ ഊർജിതവും വിശദവുമായ അന്വേഷണം നടത്തിവരികയാണ്. വ്യോമതാവളത്തിന് നേരെ യാതൊരുവിധ ആക്രമണവും ഉണ്ടായിട്ടില്ല. മുൻകരുതൽ നടപടിയെന്നോണം മാത്രമാണ് അടിയന്തര അപായ സൈറണുകൾ മുഴക്കിയതെന്ന് മന്ത്രാലയം.

ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു

മിസൈൽ അപ്രത്യക്ഷമായതിനെത്തുടർന്നുണ്ടായ അപകടസാധ്യതകൾ പൂർണമായും ഒഴിഞ്ഞ സാഹചര്യത്തിൽ, തിങ്കളാഴ്ച പുലർച്ചെ ഏകദേശം 5.30-ഓടെ അൽ ഖർജ് ഗവർണറേറ്റിലെ അടിയന്തര ജാഗ്രതാ നിർദ്ദേശം ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഔദ്യോഗികമായി പിൻവലിച്ചു. അപകടസാധ്യത ഒഴിഞ്ഞെന്ന ഈ അന്തിമ സന്ദേശം പുറത്തുവിടുന്നതിന് തൊട്ടുമുൻപുള്ള മിനിറ്റുകളിൽ, അടിയന്തര സാഹചര്യങ്ങൾക്കായുള്ള ദേശീയ മുൻകൂർ മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം (ദേശീയ ജാഗ്രതാ പോർട്ടൽ) വഴി അൽ ഖർജ് മേഖലയിലുള്ള താമസക്കാർക്ക് സിവിൽ ഡിഫൻസ് പ്രാരംഭ സുരക്ഷാ മുന്നറിയിപ്പ് സന്ദേശങ്ങൾ കൃത്യമായി അയച്ചിരുന്നു.

ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കുക

രാജ്യത്തെ സ്വദേശികളും വിദേശികളുമായ മുഴുവൻ താമസക്കാരും ഔദ്യോഗികമായി പുറപ്പെടുവിക്കുന്ന സുരക്ഷാ മാർഗനിർദ്ദേശങ്ങളും മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. അതോടൊപ്പം, ഈ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങൾ വഴിയും മറ്റും പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വ്യാജ വാർത്തകളെയും ഉറവിടമില്ലാത്ത വീഡിയോ ദൃശ്യങ്ങളെയും കുറിച്ച് അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ പൂർണമായും തള്ളിക്കളയുക, ഉറവിടമില്ലാത്ത വീഡിയോ ദൃശ്യങ്ങളോ തെറ്റായ വിവരങ്ങളോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യരുത്, ഔദ്യോഗിക അറിയിപ്പുകളെയും മന്ത്രാലയത്തിെൻറ നിർദ്ദേശങ്ങളെയും മാത്രം വിശ്വസിക്കുക എന്നിവയാണ് നിർദേശങ്ങൾ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൃദയാഘാതം മൂലം മംഗലാപുരം സ്വദേശി സൗദിയിലെ ജിസാനിൽ മരിച്ചു
മനുഷ്യാവകാശ ലംഘനം രൂക്ഷം, റാവലകോട്ടിൽ കൊല്ലപ്പെട്ടത് 11 പേർ, പാകിസ്താനെതിരെ ബ്രിട്ടനിൽ പ്രതിഷേധം ശക്തം