മുഖത്ത് നിരവധി മുറിവുകളുമായി പിഞ്ചുകുഞ്ഞിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍; സൗദി വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി

By Web TeamFirst Published Nov 18, 2019, 10:32 AM IST
Highlights

മുഖത്ത് മുറിവേറ്റ നിരവധി പാടുകളുമായാണ് പിഞ്ചുകുഞ്ഞിന്റെ കരളലിയിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. തന്റെ കുഞ്ഞിനോട് ക്രൂരത കാട്ടിയയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കുഞ്ഞിന്റെ പിതാവ് തന്നെയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. 

റിയാദ്: പ്ലേ സ്കൂളില്‍വെച്ച് കുഞ്ഞിന് പീഡനമേറ്റ സംഭവത്തില്‍ സൗദി വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. സൗദി അറേബ്യയുടെ തെക്കന്‍ പ്രവിശ്യയായ ജീസാനിലെ അല്‍ ഐദബി പട്ടണത്തിലുണ്ടായ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സാബിയ - അല്‍ ഐദബി മേഖല ശാഖാ കാര്യാലയമാണ് നടപടി സ്വീകരിച്ചത്. ഏതാനും ദിവസം മുമ്പാണ് ക്രൂരമായി മുറിവേല്‍പ്പിക്കപ്പെട്ട ഒരു കൊച്ചുകുഞ്ഞിന്റെ ചിത്രമടക്കം വിഷയം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. 

മുഖത്ത് മുറിവേറ്റ നിരവധി പാടുകളുമായാണ് പിഞ്ചുകുഞ്ഞിന്റെ കരളലിയിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. തന്റെ കുഞ്ഞിനോട് ക്രൂരത കാട്ടിയയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കുഞ്ഞിന്റെ പിതാവ് തന്നെയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധമുയരുകയും ഉത്തരവാദിയായവരെ എത്രയും വേഗം കണ്ടെത്തി അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്ന് വ്യാപകമായി ആവശ്യമുയരുകയും ചെയ്തതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ഞായറാഴ്ച അന്വേഷണ നടപടികള്‍ ആരംഭിച്ചു. അന്വേഷണം പൂര്‍ത്തിയായാല്‍ കേസ് ഫയല്‍ ശരീഅ കോടതിക്ക് കൈമാറുമെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. അല്‍ 
ഐദബിയിലെ ഒരു സ്വകാര്യ പ്ലേ സ്കൂളിലായിരുന്നു കുട്ടി പഠിച്ചിരുന്നത്. എന്നാല്‍ കുട്ടിയെ ഉപദ്രവിച്ച പ്രതി ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

click me!