
റിയാദ്: സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള നിയന്ത്രണങ്ങള്‍ സൗദി ഭരണകൂടം എടുത്തുകളഞ്ഞിട്ടും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാന്‍ വനിതാകള്‍ക്ക് അനുമതിയില്ല. വനിതകള്‍ക്കായുള്ള രാജ്യത്തെ ഒരേ ഒരു ഇരുചക്ര വാഹന പരിശീലന കേന്ദ്രമായ ബൈക്കേഴ്സ് സ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം പൂര്‍ത്തിയാക്കി ഭരണകൂടത്തിന്റെ ഔദ്യോഗിക അനുമതി തേടി കാത്തിരിക്കുകയാണ് നിരവധി വനിതാ റൈഡര്‍മാര്‍.
സ്ത്രീകള്‍ക്ക് ഇപ്പോള്‍ അധികൃതര്‍ ഇരുചക്ര വാഹന ലൈസന്‍സ് അനുവദിക്കുന്നില്ലെന്നും എന്താണ് കാരണമെന്ന് അറിയില്ലെന്നുമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വഇല്‍ ഹുറൈബ് പറയുന്നത്. ട്രാക്ടറും ട്രെയിലറും ഓടിക്കാനുള്ള ലൈസന്‍സ് വരെ സ്ത്രീകള്‍ക്ക് നല്‍കിയതായി അറിഞ്ഞുവെന്നും എന്നാല്‍ ഇരുചക്ര വാഹന ലൈസന്‍സിനായുള്ള ഒരു അപേക്ഷ പോലും ഇതുവരെ മുന്നോട്ട് നീങ്ങിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പ്രശ്നം എന്ത് തന്നെയായാലും അത് ഉടനെ പരിഹരിക്കപ്പെടുമെന്ന പ്രീതീക്ഷയാണ് ഇവിടുത്തെ വനിതാ റൈഡര്‍മാര്‍ക്ക്.
നിയമവുമായി ബന്ധപ്പെട്ട് ട്രാഫിക് പൊലീസ് വിഭാഗത്തിനുള്ള ആശയക്കുഴപ്പമാണ് ലൈസന്‍സ് നിഷേധിക്കപ്പെടാന്‍ കാരണമെന്ന് ഇവര്‍ കരുതുന്നു. ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോള്‍ ലൈസന്‍സ് അനുവദിക്കേണ്ടതാണെന്ന് പറഞ്ഞെങ്കിലും അപേക്ഷയുമായി മുന്നോട്ട് പോയപ്പോള്‍ വിപരീത അനുഭവമുണ്ടായി. എന്നാല്‍ വിദേശത്ത് നിന്ന് ലൈസന്‍സ് നേടിയ വനിതകള്‍ രാജ്യത്ത് ബൈക്കുകള്‍ ഓടിക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ സ്ത്രീയാണെന്ന് പെട്ടെന്ന് തിരിച്ചറിയാത്ത തരം വസ്ത്രങ്ങള്‍ ധരിച്ചാണ് ഇവര്‍ റോഡിലിറങ്ങുന്നത്.
സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള നിയന്ത്രണം നീക്കിയപ്പോള്‍ തന്നെ ബൈക്കേഴ്സ് സ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം തുടങ്ങിയിരുന്നു. എന്നാല്‍ പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സിന് അപേക്ഷിച്ചപ്പോഴാണ് സൗദി നിരത്തുകളിലൂടെ ബൈക്കുകളില്‍ യാത്ര ചെയ്യണമെന്ന സ്വപ്നം പൂവണിയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് ഇവര്‍ക്ക് മനസിലായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam