തേൻ പോലെ മധുരിക്കും, വിപണി കീഴടക്കാൻ സൗദി മുന്തിരി; വാർഷിക ഉത്പാദനം 3,000 ടൺ കടന്നു

Published : Jun 13, 2026, 03:17 PM IST
saudi grapes

Synopsis

സൗദി അറേബ്യയിലെ നജ്റാൻ മേഖലയിൽ വിപണി കീഴടക്കാൻ മുന്തിരി വിളവെടുപ്പ് സജീവം. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച്, കർഷകർ ശാസ്ത്രീയ കൃഷിരീതികളിലൂടെ പ്രതിവർഷം 3,000 ടണ്ണിലധികം മധുരമുള്ള മുന്തിരി ഉത്പാദിപ്പിക്കുന്നു. 

റിയാദ്: പഴഞ്ചൊല്ലുകളിൽ ഒളിഞ്ഞിരിക്കുന്ന പുളിപ്പല്ല, മരുഭൂമിയുടെ മണ്ണിൽ വിളയുന്ന മുന്തിരിക്ക് തേനിന്റെ മധുരമാണെന്ന് തെളിയിക്കുകയാണ് സൗദി അറേബ്യ. തനതായ രുചിയും മികച്ച ഗുണമേന്മയുമായി പ്രശസ്തമായ നജ്റാൻ മുന്തിരികൾ ഈ സീസണിലും വിപണി കീഴടക്കാൻ എത്തിക്കഴിഞ്ഞു. നജ്റാൻ മേഖലയിലെ വിവിധ ഗവർണറേറ്റുകളിൽ കർഷകർ വിളവെടുപ്പ് സജീവമാക്കിയതോടെ പ്രാദേശിക വിപണികൾ ഇപ്പോൾ മധുര സമൃദ്ധിയിലാണ്.

പതിറ്റാണ്ടുകളായി നജ്റാന്‍റെ കാർഷിക പാരമ്പര്യത്തിന്‍റെ പെരുമ വിളിച്ചോതുന്ന മുന്തിരിത്തോട്ടങ്ങൾ, ഇവിടുത്തെ കർഷകരുടെ ജീവനാഡിയായാണ് കണക്കാക്കപ്പെടുന്നത്. കനത്ത ചൂടിനിടയിലും നജ്റാനിലെ അനുകൂലമായ കാലാവസ്ഥയും സവിശേഷമായ ഭൂപ്രകൃതിയുമാണ് ഇത്തവണയും മരുഭൂമിയിൽ ഈ മധുരവിപ്ലവം സാധ്യമാക്കിയത്. ഗുണമേന്മയിലും സ്വാദിലും ഏറെ മുന്നിൽ നിൽക്കുന്ന കറുപ്പ്, പച്ച ഇനങ്ങളിൽപ്പെട്ട മുന്തിരികളാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. നജ്റാൻ നഗരത്തിലും പരിസര പ്രദേശങ്ങളിലെ കാർഷിക ഗ്രാമങ്ങളിലുമുള്ള തോട്ടങ്ങളിൽ നിന്ന് വലിപ്പമേറിയതും സ്വാദേറിയതുമായ മുന്തിരിപ്പഴങ്ങൾ വിപണിയിലേക്ക് ഒഴുകുകയാണ്.

പ്രതിവർഷം 3,000 ടണ്ണിലധികം മുന്തിരിയാണ് നജ്റാനിൽ നിന്ന് മാത്രം ഇപ്പോൾ വിപണിയിലെത്തുന്നത്. മാസങ്ങളോളം നീണ്ട കഠിനാധ്വാനം, ശാസ്ത്രീയമായ ജലസേചനം, കൃത്യമായ കീടനിയന്ത്രണം എന്നിവയ്ക്ക് ശേഷം കർഷകരുടെ സ്വപ്നങ്ങൾ പൂവണിഞ്ഞ കാലയളവാണിത്. കൃഷി സുസ്ഥിരമാക്കുന്നതിനും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുമായി സൗദി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം നൽകുന്ന ആധുനിക മാർഗ്ഗനിർദ്ദേശങ്ങളും ബോധവൽക്കരണവും കർഷകർക്ക് വലിയ തുണയാകുന്നുണ്ട്.

മരുപ്പച്ചയിലെ ഈ മധുരക്കനികൾക്ക് പ്രാദേശിക വിപണികളിൽ വൻ ജനപ്രീതിയാണുള്ളത്. ഇത് കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനൊപ്പം നജ്റാൻ മേഖലയിലെ സാമ്പത്തിക-കാർഷിക ഉണർവിന് വലിയ ഊർജ്ജമാണ് പകരുന്നത്. ചുരുക്കത്തിൽ, നജ്റാനിലെ മുന്തിരിത്തോട്ടങ്ങളിലൂടെ കടന്നുപോകുന്ന ആർക്കും ഒന്നുറപ്പിച്ചു പറയാം, ഇവിടുത്തെ മുന്തിരി ഒട്ടും പുളിക്കില്ല, മറിച്ച് ഏറെ മധുരിക്കും!

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടിൽ വെച്ച് സ്പോൺസറെ കൊലപ്പെടുത്തുമെന്ന് ഭീഷണി, ഗാർഹിക തൊഴിലാളി കുവൈത്തിൽ പിടിയിൽ
ദുബായിൽ പ്രവാസികൾക്കും സ്വന്തമായൊരു വീട്, ആ സ്വപ്നം ഇനി വിദൂരമല്ല; ഫസ്റ്റ് ടൈം ഹോം പദ്ധതി വിപുലീകരിച്ചു