നിയമക്കുരുക്കിൽപ്പെട്ട് 17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൊല്ലം സ്വദേശി നാട്ടിൽ തിരിച്ചെത്തിയത് മകന്‍റെ അന്ത്യചടങ്ങുകൾക്ക്. മകന്‍റെ അപ്രതീക്ഷിത അപകടമരണത്തെ തുടർന്ന്, സാമൂഹിക പ്രവർത്തകരുടെയും ഇന്ത്യൻ എംബസിയുടെയും സൗദി അധികൃതരുടെയും മാനുഷിക ഇടപെടൽ മൂലമാണ് അദ്ദേഹത്തിന് മകന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ സാധിച്ചത്.
റിയാദ്: പ്രവാസത്തിന്റെ കണ്ണീരുണങ്ങാത്ത 17 നീണ്ട വർഷങ്ങൾ... ഒടുവിൽ സ്വന്തം മണ്ണിലേക്ക് വിമാനം കയറുമ്പോൾ കൊല്ലം പൂയപ്പള്ളി സ്വദേശിയായ ഗീവർഗീസ് (67) എന്ന ആ അച്ഛന്റെ മനസ്സിൽ മകനെ നെഞ്ചോട് ചേർക്കണമെന്ന ആഗ്രഹമായിരുന്നില്ല, അവന് അവസാനമായി വിട നൽകണമെന്ന നെഞ്ചുപിളർക്കുന്ന വേദന മാത്രമായിരുന്നു. നിയമക്കുരുക്കുകളും നീണ്ട കാത്തിരിപ്പും തീർത്ത വിരഹത്തിനൊടുവിൽ അദ്ദേഹം നാട്ടിലെത്തിയത് ജീവന്റെ ജീവനായ മകന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനാണ്.
രണ്ട് പെൺമക്കളുടെ വിവാഹമടക്കമുള്ള കുടുംബത്തിന്റെ വലിയ ഉത്തരവാദിത്തങ്ങൾ തോളിലേറ്റിയാണ് ഗീവർഗീസ് വർഷങ്ങൾക്ക് മുൻപ് പ്രവാസ ലോകത്തേക്ക് വണ്ടികയറുന്നത്. ഇതിനിടയിൽ കൃത്യമായ രേഖകളോ ഇഖാമയോ ഇല്ലാതെ ഡ്രൈവറായി ജോലി ചെയ്തുവരുന്നതിനിടയിലാണ് ജീവിതം തകിടം മറിച്ച ആ ദുരന്തം ഉണ്ടാകുന്നത്. ഒരിക്കൽ വാഹനം വിളിച്ച യാത്രക്കാരുടെ കൈവശമുണ്ടായിരുന്ന മദ്യക്കുപ്പിയുടെ പേരിൽ, ചെക്ക്പോസ്റ്റിൽ വെച്ചുണ്ടായ പരിശോധനയിൽ അറിയാത്ത കുറ്റത്തിന് ഗീവർഗീസും കേസിൽപെട്ടു. ഇതോടെ ഇഖാമ പുതുക്കാനോ നാട്ടിലേക്ക് മടങ്ങാനോ കഴിയാതെ നിയമത്തിന്റെ കടുപ്പമേറിയ ഭിത്തികൾക്കുള്ളിൽ ആ പ്രവാസം കുടുങ്ങിപ്പോകുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗീവർഗീസിന്‍റെ ലോകം ഇരുട്ടിലാക്കിയ ആ വാർത്തയെത്തുന്നത്. മകൻ അൻസൻ വർഗീസ് (26) സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അൻസന് മസ്തിഷ്ക മരണം സംഭവിക്കുകയും ബുധനാഴ്ചയോടെ ആ കുഞ്ഞുജീവൻ പൊലിയുകയും ചെയ്തു. ‘പപ്പാ... ഇനി മതി, നാട്ടിലേക്ക് തിരികെ വരൂ…’ എന്ന് നിരന്തരം കെഞ്ചാറുള്ള മകന്റെ അരികിലേക്കാണ്, അവന്റെ ജീവനറ്റ ശരീരത്തിന് മുന്നിലേക്കാണ് ആ അച്ഛന് മടങ്ങി ചെല്ലേണ്ടി വന്നത്. രണ്ടുവർഷം മുൻപ് ഈ മകൻ തൊഴിൽ വിസയിൽ റിയാദിലെത്തിയിരുന്നു. ജോലി പ്രശ്നം മൂലം ആറുമാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന സമയത്തും അവന്റെ ഒരേയൊരു ആഗ്രഹം "പപ്പയും കൂടെ വാ" എന്ന് മാത്രമായിരുന്നു.
പ്രിയപ്പെട്ട മകന്റെ അപകടമരണ വാർത്തയറിഞ്ഞ് നെഞ്ചുപൊട്ടി കരയാനല്ലാതെ, നിയമപരമായ വഴികളില്ലാതെ ഉഴറിയ ഗീവർഗീസിന് തുണയായത് സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലുകളാണ്. തർഹീൽ (നാടുകടത്തൽ കേന്ദ്രം) അധികൃതരുമായി ഇവർ നടത്തിയ ചർച്ചകൾക്കൊടുവിൽ, ആ പിതാവിന്റെ നോവ് തിരിച്ചറിഞ്ഞ സൗദി അധികൃതർ അപൂർവ്വമായ മാനുഷിക പരിഗണന നൽകി അടിയന്തര നടപടികൾ സ്വീകരിക്കുകയായിരുന്നു.
പാസ്‌പോർട്ട് പോലുമില്ലാതിരുന്ന ഗീവർഗീസിന് എംബസി ഉദ്യോഗസ്ഥരുടെയും തർഹീൽ അധികൃതരുടെയും സഹായത്തോടെ വ്യാഴാഴ്ച ഉച്ചയോടെ തന്നെ ഔട്ട്‌പാസും എക്സിറ്റ് വിസയും ലഭ്യമാക്കി. അന്നു രാത്രിയിലെ വിമാനത്തിൽ നാട്ടിലേക്ക്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ കൊല്ലത്തെ വീട്ടിലെത്തിയ ഗീവർഗീസിനെ കാത്തിരുന്നത് വിങ്ങിപ്പൊട്ടുന്ന ഒരു നാടായിരുന്നു. ശനിയാഴ്ച നടന്ന സംസ്കാര ചടങ്ങിൽ, 17 കൊല്ലത്തിന് ശേഷം സ്വന്തം വീട്ടിൽ വെച്ച് മകനെ ജീവനറ്റ അവസ്ഥയിൽ അവസാനമായി ഒരുനോക്ക് കാണുമ്പോൾ ആ പിതാവ് നിലവിളിച്ച കാഴ്ച കണ്ടുനിന്നവരുടെയും കണ്ണുനിറച്ചു. സാധാരണ ഗതിയിൽ മാസങ്ങൾ നീളുന്ന നിയമനടപടികളാണ്, സൗദി അധികൃതരുടെയും എംബസിയുടെയും അപൂർവ്വമായ മാനുഷിക പരിഗണന മൂലം മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയായത്. സാമൂഹികപ്രവർത്തകനായ നേവൽ തൃശൂർ, എംബസി വെൽഫെയർ വിങ് കോൺസുലർ വൈ. സാബിർ, അറ്റാഷെ സോനു കുമാർ, ഉദ്യോഗസ്ഥരായ സെയ്യിദ് മൊയിസുദ്ദീൻ, ആഷിഖ് എന്നിവരും ഇതിനായി മുന്നിട്ടിറങ്ങി.


