സൗദിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കാനും മരണ നിരക്ക് കുറയാനുമുള്ള കാരണം വെളിപ്പെടുത്തി ആരോഗ്യമന്ത്രി

By Web TeamFirst Published May 17, 2020, 5:59 PM IST
Highlights

പരിശോധനകള്‍ കൂടിയതും ലാബുകളിലെ പരിശോധനാ ശേഷി മൂന്നിരട്ടിയായി വര്‍ധിച്ചതും രാജ്യത്തെ എല്ലാ പ്രവിശ്യകളിലും നടത്തുന്ന വിപുലമായ പരിശോധനകളുമാണ് സൗദിയില്‍ കൊവിഡ് കേസുകള്‍ കൂടുതല്‍ കണ്ടെത്തുന്നതിന്റെ കാരണമായത്.

റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലെ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ. കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ കഠിന പ്രയ്തനത്തെ അദ്ദേഹം പ്രശംസിച്ചു.

ലോകത്ത് കൊവിഡ് മരണ നിരക്കും ഗുരുതരമായ കൊവിഡ് കേസുകളുടെ എണ്ണവും കുറഞ്ഞ രാജ്യമായി സൗദിയെ മാറ്റിയത് ആരോഗ്യപ്രവര്‍ത്തകരുടെ പരിശ്രമമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും രാപ്പകല്‍ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരാണ് യഥാര്‍ത്ഥ ഹീറോകള്‍. അവര്‍ നടത്തുന്ന പ്രയത്‌നങ്ങള്‍ക്കും സമര്‍പ്പണങ്ങള്‍ക്കും നന്ദി വാക്ക് മതിയാകില്ലെന്നും സ്തുത്യര്‍ഹവും അര്‍പ്പണബോധത്തോടെയുമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളാണ് ലോകത്ത് കൊവിഡ് മരണ നിരക്കും അത്യാഹിത കേസുകളുടെ നിരക്കും ഏറ്റവും കുറഞ്ഞ രാജ്യമായി സൗദി അറേബ്യയെ മാറ്റിയതെന്നും ഡോ തൗഫീഖ് അല്‍റബീഅ പറഞ്ഞു.

പരിശോധനകള്‍ കൂടിയതും ലാബുകളിലെ പരിശോധനാ ശേഷി മൂന്നിരട്ടിയായി വര്‍ധിച്ചതും രാജ്യത്തെ എല്ലാ പ്രവിശ്യകളിലും നടത്തുന്ന വിപുലമായ പരിശോധനകളുമാണ് സൗദിയില്‍ കൊവിഡ് കേസുകള്‍ കൂടുതല്‍ കണ്ടെത്തുന്നതിന്റെ കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദിയിലെ ആരോഗ്യ സംവിധാനം ശക്തമാക്കുന്ന മികച്ച ആരോഗ്യപ്രവര്‍ത്തകരുണ്ടെന്നുള്ള വിശ്വാസമാണ് കൊവിഡ് കേസുകള്‍ കൂടുതല്‍ കണ്ടെത്തുന്നതിനായി വിപുലമായ പരിശോധനകള്‍ നടത്താന്‍ കാരണമെന്നും ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് അദ്ദേഹം വ്യക്തമാക്കി. 


 

click me!