Latest Videos

സൗദിയില്‍ കൊവിഡ് 19 പിടിമുറുക്കുന്നു; ബാധിതരുടെ എണ്ണം 62 ആയി

By Web TeamFirst Published Mar 14, 2020, 12:02 AM IST
Highlights

ഇന്ന് പതിനേഴു പേർക്കുകൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം 62 ആയെന്ന് ആരോഗ്യമന്ത്രാലയം
അറിയിച്ചു. മക്കയിൽ 32 പേർക്ക് രോഗബാധയേറ്റത് ഒരാളിൽനിന്നാണെന്നും മന്ത്രാലയം വ്യക്തമാക്കി

റിയാദ്: സൗദിയിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം 62 ആയി. പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് താൽക്കാലികമായി നിർത്തിവെച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഇന്ന് പതിനേഴു പേർക്കുകൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം 62 ആയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

മക്കയിൽ 32 പേർക്ക് രോഗബാധയേറ്റത് ഒരാളിൽനിന്നാണെന്നും മന്ത്രാലയം വ്യക്തമാക്കി. മക്ക സന്ദർശിച്ച ഈജിപ്ഷ്യൻ പൗരനിൽ നിന്നാണ് ഇവർക്ക് രോഗബാധയുണ്ടായത്. ഇയാളുമായി അടുത്തിടപഴകിയവരാണ് എല്ലാവരും. രോഗവ്യാപനത്തിന്റെ വ്യാപ്‌തി കുറയ്ക്കാനായി അതീവ ജാഗ്രതയാണ് രാജ്യം പുലർത്തുന്നത്.

പ്രതിരോധ നടപടികളുടെ ഭാഗമായാണ് രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് താൽക്കാലികമായി നിർത്തിവെച്ചത്. രാജ്യത്തെ വിമാനത്താവളങ്ങളിൽ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അണുനശീകരണ നടപടികളും ഊർജ്ജിതമാക്കി. യാത്രക്കാർക്കായുള്ള കസേരകൾ, കൺവെയർ ബെൽറ്റുകൾ, സുരക്ഷാ പരിശോധന ഉപകരണങ്ങൾ, ടോയ്‍ലെറ്റുകൾ എന്നിവിടങ്ങളിലെല്ലാം അണുനശീകരണ ലായനി ഉപയോഗിച്ച് നിരന്തരം വൃത്തിയാക്കുന്നുണ്ട്.

ഓഡിറ്റോറിയങ്ങളിലും ഹോട്ടലുകളിലും വിവാഹാഘോഷങ്ങൾ ഉൾപ്പെടെയുള്ള പരിപാടികളും താൽക്കാലികമായി വിലക്കിയിട്ടുണ്ട്. അതേസമയം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കിന്റെ പശ്ചാത്തലത്തിൽ സ്വദേശത്തുള്ളവരുടെ റസിഡന്റ് പെർമിറ്റോ റീ-എൻട്രി വിസയുടെയോ കാലാവധി അവസാനിച്ചാൽ നീട്ടി നൽകുമെന്ന് സൗദി പാസ്സ്‌പോർട്ട് വിഭാഗം അറിയിച്ചു. വിസ കാലാവധി കഴിയുന്നതിന് മുൻപ് തിരിച്ചെത്താൻ കഴിയുമോയെന്ന ആശങ്കയിലായിരുന്നവർക്ക്‌ പുതിയ തീരുമാനം ആശ്വാസകരമാണ്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

click me!