നിയമലംഘകരായ വിദേശികള്‍ക്കടക്കം കൊവിഡ് ചകിത്സ സൗജന്യമാക്കി സൗദി

By Web TeamFirst Published Mar 31, 2020, 1:21 AM IST
Highlights

സൗദിയില്‍ നിയമലംഘകരായ വിദേശികള്‍ക്കുള്‍പ്പെടെ എല്ലാവര്‍ക്കും കൊവിഡ് ചികിത്സ സൗജന്യമായി നല്‍കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു
 

റിയാദ്: സൗദിയില്‍ നിയമലംഘകരായ വിദേശികള്‍ക്കുള്‍പ്പെടെ എല്ലാവര്‍ക്കും കൊവിഡ് ചികിത്സ സൗജന്യമായി നല്‍കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. 154 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സൗദിയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1453 ആയി. സൗദിയില്‍ കൊവിഡ് ബാധിച്ച മുഴുവന്‍ ആളുകള്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവണ് ഉത്തരവിട്ടത്.

ഇതില്‍ വിദേശികളെന്നോ സ്വദേശികളെന്നോ വ്യത്യാസമില്ല. നിയമലംഘകരായി കഴിയുന്ന വിദേശികള്‍ക്ക് ഉള്‍പ്പെടെ എല്ലാവര്‍ക്കും സൗജന്യ ചികിത്സ നല്‍കണമെന്നും ആരെയും വേര്‍തിരിച്ചു കാണരുതെന്നും രാജാവ് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ ആണ് അറിയിച്ചത്.

അതേസമയം ഇന്ന് രാജ്യത്ത് 154 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തു കോവിഡ് ബാധിച്ചവരുടെ എണ്ണം 1453 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും മക്കയിലാണ്. 40 പേര്‍ക്കാണ് മക്കയില്‍ രോഗം സ്ഥിരീകരിച്ചത്. ദമ്മാമില്‍ 34, റിയാദിലും മദീനയിലും 22 വീതവും, ജിദ്ദ 9, ഹഫൂഫ്, അല്‍ ഖോബാര്‍ 6 വീതവും, തായിഫ് 2, മറ്റു സ്ഥലങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

49 പേര്‍ രോഗമുക്തിയും നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 115 ആയി. അതേസമയം സൗദി എയര്‍ലൈസിന്റെ വിമാനങ്ങള്‍ ഇനി മുതല്‍ ചരക്കു നീക്കത്തിന് ഉപയോഗിക്കുമെന്ന് സൗദിയ അറിയിച്ചു. ആഭ്യന്തര -അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.

click me!