സ്വദേശിവത്​കരണം ഊര്‍ജിതമാക്കാന്‍ പുതിയ 20 പദ്ധതികള്‍ പ്രഖ്യാപിച്ച് സൗദി തൊഴിൽ മന്ത്രാലയം

By Web TeamFirst Published Jan 30, 2020, 4:08 PM IST
Highlights

സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കിടയിൽ താൽക്കാലിക തൊഴിലാളി കൈമാറ്റം ക്രമീകരിക്കുന്ന സേവനം, അടുത്തിടെ തൊഴിൽ-സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കിടയിൽ താൽക്കാലിക തൊഴിലാളി കൈമാറ്റം ക്രമീകരിക്കുന്ന നവീകരിച്ച 'അജീർ' പദ്ധതി വഴിയാണ് ആരോഗ്യ സ്ഥാപനങ്ങൾക്കിടയിൽ തൊഴിലാളി കൈമാറ്റം അനുവദിച്ചിരിക്കുന്നത്.

റിയാദ്: സ്വകാര്യ മേഖലയിൽ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഇരുപതു പുതിയ പദ്ധതികൾ നടപ്പാക്കുമെന്ന് സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും സൗദിവത്കരണത്തിലും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും സ്വകാര്യ സ്ഥാപനങ്ങൾ തമ്മിൽ മത്സരം ഉയർത്തുന്നതിനും സഹായകമാകും വിധമാണ് പദ്ധതി നടപ്പാക്കുക.

സ്വകാര്യമേഖലയെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ച് ശിൽപശാലകൾ സംഘടിപ്പിച്ചതിന്റെയും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായും വിദഗ്ധരുമായും പ്രത്യേക കമ്മിറ്റികളുമായും നടത്തിയ കൂടിക്കാഴ്ചകളുടെയും ഫലമായാണ് ഈ പദ്ധതികൾ മന്ത്രാലയം ആവിഷ്‌കരിച്ചത്. വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾക്കനുസൃതമായി ദേശീയ സാമ്പത്തിക വികസനത്തിൽ സ്വദേശികളുടെ പങ്കാളിത്തം ഉയർത്തുന്നതിന് നേരത്തെ പ്രഖ്യാപിച്ച പദ്ധതികളുടെ തുടർച്ചയാണ് പുതിയ പദ്ധതികൾ.

സൗദിവത്കരണ സൂചികകൾ പുറത്തിറക്കിയും സൗദിവൽക്കരണം വർധിപ്പിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന ഉത്പന്നങ്ങൾ ലഭ്യമാക്കിയും വ്യത്യസ്ത മേഖലകളിൽ സൗദിവൽക്കരണത്തിന് പിന്തുണ നൽകുന്നതിന് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നു. റിക്രൂട്ട്‌മെന്റ് നയങ്ങളും സംവിധാനങ്ങളും പരിഷ്‌കരിക്കൽ, ഉദ്യോഗാർഥികളുടെയും സൗദി ജീവനക്കാരുടെയും നൈപുണ്യ വികസനം, കരിയർ ഗൈഡൻസ് നൽകി ജീവനക്കാർക്ക് ആവശ്യമായ മാർഗനിർദേശങ്ങളും പിന്തുണകളും നൽകൽ എന്നിവയെല്ലാം പുതിയ പദ്ധതികളിൽ ഉൾപ്പെടുന്നു.

സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കിടയിൽ താൽക്കാലിക തൊഴിലാളി കൈമാറ്റം ക്രമീകരിക്കുന്ന സേവനം, അടുത്തിടെ തൊഴിൽ-സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കിടയിൽ താൽക്കാലിക തൊഴിലാളി കൈമാറ്റം ക്രമീകരിക്കുന്ന നവീകരിച്ച 'അജീർ' പദ്ധതി വഴിയാണ് ആരോഗ്യ സ്ഥാപനങ്ങൾക്കിടയിൽ തൊഴിലാളി കൈമാറ്റം അനുവദിച്ചിരിക്കുന്നത്.

സൗദി തൊഴിൽ നിയമത്തെ കുറിച്ച അവബോധം ഉയർത്തുന്നതിന് ലക്ഷ്യമിട്ട് മാനവശേഷി വികസന നിധിയുമായുള്ള പങ്കാളിത്തത്തോടെ പരിശീലനം നൽകുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ടെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

click me!