യുദ്ധത്തിന് തയ്യാറെന്ന് ഇറാന്‍; സൗദി ഭീകരാക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖല വീണ്ടും അശാന്തിയിലേക്ക്

By Web TeamFirst Published Sep 16, 2019, 9:30 AM IST
Highlights

ആക്രമണത്തിന്റെ പേരിൽ തങ്ങൾക്കെതിരെ നീങ്ങാനാണ് അമേരിക്കയുടെ പദ്ധതിയെങ്കിൽ ഇറാൻ പൂർണ്ണതോതിലുള്ള യുദ്ധത്തിന് സജ്ജമാണെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർ‍ഡ്  കമാണ്ടർ അമീർ അലി ഹജിസദേ പ്രതികരിച്ചു. 

റിയാദ്: ഹൂതി വിമതർ സൗദിയിലെ എണ്ണക്കമ്പനിയായ ആരാംകോയിൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാൻ-അമേരിക്ക വാക്പോര് രൂക്ഷമാകുന്നു. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു. ആരാംകോ ആക്രമണത്തിന്റെ പേരിൽ തങ്ങൾക്കെതിരെ തിരിയാനാണ് അമേരിക്കയുടെ ഭാവമെങ്കിൽ യുദ്ധത്തിന് സജ്ജമാണെന്നായിരുന്നു ഇറാന്റെ പ്രതികരണം.

ആരാംകോയിലെ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം യെമനിലെ ഹൂതി വിമതർ ഏറ്റെടുത്തിരുന്നു. എന്നാൽ ആക്രമണം യെമനിൽ നിന്നാണെന്നതിന് തെളിവൊന്നും ഇല്ലെന്നായിരുന്നു അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രതികരണം. ലോകത്തിന്റെ ഊർജ്ജവിതരണം അസ്ഥിരമാക്കാനാണ് ഇറാൻ ആക്രമണം നടത്തിയതെന്നും പോംപിയോ ആരോപിച്ചു. ആക്രമണം നടത്തിയത് ഇറാനാണെന്നാണ് ഉപഗ്രഹചിത്രങ്ങൾ തരുന്ന സൂചനയെന്നും അമേരിക്ക ആരോപിക്കുന്നു. 

അതേസമയം സൗദിയിലെ ആക്രമണത്തിന്റെ പേരിൽ തങ്ങൾക്കെതിരെ നീങ്ങാനാണ് അമേരിക്കയുടെ പദ്ധതിയെങ്കിൽ ഇറാൻ പൂർണ്ണതോതിലുള്ള യുദ്ധത്തിന് സജ്ജമാണെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർ‍ഡ്  കമാണ്ടർ അമീർ അലി ഹജിസദേ പ്രതികരിച്ചു. 2000 കിലോമീറ്റർ പരിധിയിലുള്ള അമേരിക്കയുടെ നാവിക താവളവും പടക്കപ്പലുകളും തകർക്കാൻ തങ്ങൾക്ക് ശേഷിയുണ്ടെന്നും ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. ഇതിനുപിന്നാലെ സ്വന്തം എണ്ണക്കിണറുകൾ തകർന്ന് കഴിയുമ്പോഴേ ഇനി ഇറാൻ പഠിക്കുകയുള്ളൂവെന്ന് റിപ്പബ്ലിക്കൻ സെനറ്ററും ട്രംപിന്റെ അടുപ്പക്കാരനുമായ ലിൻഡ്സി ഗ്രഹാം ട്വിറ്ററിൽ കുറിച്ചു. വാഷിംഗ്ടണും തെഹ്റാനും തമ്മിലുള്ള വാക്പോര് കടുക്കുമ്പോൾ ഗൾഫ് മേഖല ഒരിക്കൽക്കൂടി അശാന്തമാകുമോ എന്ന ആശങ്ക ഉയരുകയാണ്.

click me!