സൗദി അറേബ്യയിലെ സിറ്റി ബസുകളില്‍ ഇനി എല്ലാ സീറ്റുകളിലും യാത്രക്കാര്‍ക്ക് അനുമതി

By Web TeamFirst Published Nov 13, 2021, 11:52 PM IST
Highlights

സൗദി അറേബ്യയിലെ സിറ്റി സര്‍വീസ് ബസുകളില്‍ ഇനി എല്ലാ സീറ്റുകളിലും ആളുകള്‍ക്ക് യാത്ര ചെയ്യാം

റിയാദ്: സൗദി അറേബ്യയിലെ സിറ്റി ബസുകളില്‍ (City buses in Saudi Arabia) ഇനി മുതല്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. പൊതുഗതാഗത അതോരിറ്റിയാണ് (Public transport Authority) ഇക്കാര്യം അറിയിച്ചത്. അതേസമയം യാത്രക്കാര്‍ സൗദി ആരോഗ്യ മന്ത്രാലയം (Saudi Health Ministry) അംഗീകരിച്ച കൊവിഡ് വാക്സിന്‍ ഡോസുകള്‍ (covid vaccine doses) പൂര്‍ണമായി സ്വീകരിച്ചവരായിരിക്കണമെന്ന് നിബന്ധനയുണ്ട്.

യാത്രയില്‍ ഉടനീളം മാസ്‍ക് ധരിക്കണം, കൈകള്‍ അണുവിമുക്തമാക്കുന്നത് ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. രാജ്യത്തെ സ്‍കൂള്‍ ബസുകള്‍, ഹജ്ജ്, ഉംറ, ടൂറിസ്റ്റ് ബസുകള്‍, ഫെസ്റ്റിവലുകളും പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്ന വകുപ്പുകള്‍ക്ക് കീഴിലുള്ള ബസുകള്‍ എന്നിങ്ങനെ നഗര സര്‍വീസുകള്‍ നടത്തുന്ന എല്ലാ ബസുകള്‍ക്കും പുതിയ ഇളവ് ബാധകമാണെന്നും പൊതു ഗതാഗത അതോരിറ്റി അറിയിച്ചിട്ടുണ്ട്.

സൗദി അറേബ്യയിൽ ഇന്ന് 41 പേർ കൊവിഡ് മുക്തരായി, ഒരു മരണം
റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് ബാധിതരിൽ 41 പേർ സുഖം പ്രാപിച്ചു (covid recovries). ചികിത്സയിൽ കഴിഞ്ഞവരിൽ ഒരാൾ മരിച്ചു (covid death). പുതുതായി 45 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്തു. വിവിധ ഭാഗങ്ങളിലായി 40,461 പി.സി.ആർ പരിശോധനകൾ ഇന്ന് നടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,49,192 ആയി. ഇതിൽ 5,37,201 പേരും സുഖം പ്രാപിച്ചു. ആകെ 8,811 പേർ മരിച്ചു. കൊവിഡ് ബാധിതരിൽ 51 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

രാജ്യത്താകെ ഇതുവരെ 46,637,027 ഡോസ് കൊവിഡ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,379,243 എണ്ണം ആദ്യ ഡോസ് ആണ്. 21,953,463 എണ്ണം സെക്കൻഡ് ഡോസും. 1,709,164 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 304,321 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ - 12, റിയാദ് - 11, മഹായിൽ - 3, ബത്ഹ - 2, മക്ക - 2, യാംബു - 2, ജുബൈൽ - 2, മറ്റ് 10 സ്ഥലങ്ങളിൽ ഓരോ രോഗികൾ  വീതം. 

click me!