സൗദിയിൽ ചെറുകിട സ്ഥാപനങ്ങളിലെ വിദേശികളുടെ ലെവി ഒഴിവാക്കാന്‍ പഠനം നടത്തണമെന്ന് നിര്‍ദേശം

By Web TeamFirst Published Oct 18, 2019, 12:48 AM IST
Highlights

ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ലെവി 5 വര്‍ഷം വരെ ഒഴിവാക്കുന്നതിനെ കുറിച്ച് പഠനം നടത്തണമന്നാണ് നിർദേശം. 


റിയാദ്: സൗദിയിൽ ചെറുകിട സ്ഥാപനങ്ങളിലെ വിദേശികളുടെ ലെവി ഒഴിവാക്കുന്നതിനെ കുറിച്ച് പഠനം നടത്തണമെന്ന് ശൂറാ കൗൺസിൽ പ്രത്യേക സമിതിയുടെ നിർദേശം. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ലെവി 5 വര്‍ഷം വരെ ഒഴിവാക്കുന്നതിനെ കുറിച്ച് പഠനം നടത്തണമന്നാണ് നിർദേശം. 

സ്വദേശികളേക്കാൾ കൂടുതൽ വിദേശികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളിയുടെ പ്രതിമാസ ലെവി ഈ വർഷം 600 റിയാലും സ്വദേശികളേക്കാൾ കുറവ് വിദേശികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ പ്രതിമാസ ലെവി 500 റിയാലുമാണ്. എന്നാൽ അടുത്ത വർഷം ഇത് യഥാക്രമം 800 റിയാലും 700 റിയാലയും ഉയരും. ഈ സാഹചര്യത്തിലാണ് ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ലെവി 5 വര്‍ഷം വരെ ഒഴിവാക്കുന്നതിനെ കുറിച്ച് പഠനം നടത്തണമന്ന് ശൂറാ കൗണ്‍സില്‍ പ്രത്യേക സമിതി ആവശ്യപ്പെട്ടത്.

വിദേശികളുടെ ആശ്രിത ലെവി ഈ വർഷത്തെ അതേ സംഖ്യ അടുത്ത സാമ്പത്തിക വര്‍ഷത്തിലും തുടരുന്നതിനെ കുറിച്ചു പഠനം നടത്തണമെന്നും സമതി നിർദേശിച്ചു. അതേസമയം വ്യാവസായിക ലൈസൻസോടെ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് അഞ്ച് വര്‍ഷത്തേക്കു ലെവി ഇളവ് അനുവദിക്കാൻ മന്ത്രിസഭാ തീരുമാനിച്ചിരുന്നു. അടുത്ത മാസം മുതൽ അഞ്ചു വർഷത്തേക്കാണ് വ്യവസായ സ്ഥാപങ്ങളിലെ വിദേശ തൊഴിലാളികളെ ലെവിയിൽ നിന്ന് ഒഴിവാക്കുക. വ്യവസായ മേഖലയിൽ നിക്ഷേപം വർധിപ്പിക്കാനും കയറ്റുമതി ഉയർത്താനും ലക്ഷ്യമിട്ടാണ് ലെവി ഒഴിവാക്കിയത്.

click me!