
റിയാദ്: ആഗോള വിപണിയിലെ എണ്ണ വിതരണത്തില്‍ കുറവുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം വഹിക്കില്ലെന്ന് സൗദി അറേബ്യ. ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ അരാംകോ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങള്‍ നിലപാട് അറിയിച്ചത്.
ഹൂതികള്‍ക്ക് ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യയും അത്യാധുനിക ഡ്രോണുകളും നല്‍കുന്നത് ഇറാന്‍ തുടരുന്നതിലെ അപകടത്തെ കുറിച്ച് അന്താരാഷ്ട്ര സമൂഹം ബോധവാന്മാരാകേണ്ടതിന്റെ പ്രാധാന്യം സൗദി ഊന്നിപ്പറഞ്ഞു. ഈ മിസൈലുകളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് അവര്‍ സൗദിയിലെ എണ്ണ,വാതക അനുബന്ധ ഉല്‍പ്പാദന കേന്ദ്രങ്ങളെയും അവയുടെ വിതരണത്തെയുമാണ് ലക്ഷ്യമിടുന്നത്. ഇത് എണ്ണ ഉല്‍പ്പാദനം, സംസ്‌കരണം, ശുദ്ധീകരണം എന്നീ മേഖലകളില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. രാജ്യത്തിന്റെ ഉല്‍പ്പാദന ശേഷിയിലും അതിന്റെ ബാധ്യതകള്‍ നിറവേറ്റാനുള്ള കഴിവിലും സ്വാധീനം ചെലുത്തുന്നതായും സൗദി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഊര്‍ജ്ജ വിതരണം നിലനിര്‍ത്തുന്നതിലെ ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കേണ്ടതിന്റെയും ഹൂതി മിലിഷ്യയ്‌ക്കെതിരെ ഉറച്ചുനിന്ന് അവരുടെ അട്ടിമറി ആക്രമണങ്ങളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
റിയാദ്: സൗദി അറേബ്യയില്‍ ഹൂതികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ എണ്ണ ടാങ്കിന് തീപിടിച്ചു. സൗദി അരാംകോയുടെ ജിദ്ദയിലെ പെട്രോളിയം വിതരണ സ്റ്റേഷനിലാണ് യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം ജിസാനിലെ അരാംകോ റിഫൈനറിയിലേക്കും രാജ്യത്തെ മറ്റ് ചില നഗരങ്ങളിലും ഹുതികളുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളും ഉണ്ടായിരുന്നു.
ജിദ്ദയിലെ അരാംകോ സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. തീ പിന്നീട് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായും അറിയിപ്പില്‍ പറയുന്നു. ശനിയാഴ്‍ചയും ഞായറാഴ്‍ചയുമായി രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ഹൂതികളുടെ ആക്രമണം നടന്നിരുന്നു. ജിദ്ദയിലെ എണ്ണ വിതരണ കേന്ദ്രത്തില്‍ നിന്ന് പുക ഉയരുന്ന ദൃശ്യങ്ങള്‍ നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ജിസാൻ അൽ ഷഖീഖ് ജലശുദ്ധീകരണ പ്ലാന്റ്, ദഹ്‌റാൻ അൽ ജനുബ് നഗരത്തിലെ പവർ സ്റ്റേഷൻ, ഖമീസ് മുശൈത്തിലെ ഗ്യാസ് സ്റ്റേഷൻ, ജിസാനിലെയും യാംബുവിലെയും അരാംകോ പ്ലാന്റുകൾ, ത്വാഇഫ് നഗരം എന്നിവക്ക് നേരെയായിരുന്നു ആദ്യത്തെ ആക്രമണ ശ്രമം.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന തകർത്തു. ജിസാനിലെ അൽ ഷഖീഖ് ജലശുദ്ധീകരണ പ്ലാന്റിനും അരാംകോ സ്റ്റേഷന് നേരെയും നാല് ഡ്രോൺ ആക്രമങ്ങളാണ് നടന്നത്. യാംബു അരാംകോ സ്റ്റേഷന് നേരെ വന്ന മൂന്ന് ഡ്രോണുകൾ സേന തടഞ്ഞു നശിപ്പിച്ചു.
സിവിലിയൻമാരെ ലക്ഷ്യമിട്ടുകൊണ്ട് ജിസാൻ നഗരത്തിന് നേരെ തൊടുത്ത് ബാലിസ്റ്റിക് മിസൈലും ജിസാൻ, ഖമീസ് മുശൈത്ത്, ത്വാഇഫ് എന്നിവിടങ്ങളിലേക്ക് വിക്ഷേപിച്ച ഒമ്പത് ഡ്രോണുകളും ജിസാനിലെ അൽ ഷഖീഖ് ജലശുദ്ധീകരണ പ്ലാന്റ്, ജിസാനിലെ അരാംകോ എണ്ണ വിതരണ കേന്ദ്രം തുടങ്ങിയവ ലക്ഷ്യമാക്കി അയച്ച ക്രൂയിസ് മിസൈലുകൾ എന്നിവയും ലക്ഷ്യം കാണുന്നതിന് മുമ്പ് നശിപ്പിച്ചതായി സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലിക്കി അറിയിച്ചു. വ്യത്യസ്‍ത ആക്രമണങ്ങളിൽ ചില വാഹനങ്ങളും വീടുകളും തകര്‍ന്നു. എന്നാൽ ആർക്കും ആളപായമില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam