പ്രവാസികൾക്ക്​ സ​ന്തോഷ വാർത്ത: ലെവി കുറയ്ക്കുന്നതിനെ കുറിച്ച്​ പഠിക്കണമെന്ന്​ ശൂറാ കൗൺസിൽ

By Web TeamFirst Published Feb 11, 2020, 2:53 PM IST
Highlights

വിദേശികൾക്കുള്ള ആശ്രിത ലെവിയും സ്വകാര്യസ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ള ലെവിയും കഴിഞ്ഞ വർഷം പ്രാബല്യത്തിലുണ്ടായിരുന്ന അതേ തുകയില്‍ ഈ വർഷം സ്ഥിരപ്പെടുത്തുന്ന കാര്യം വാണിജ്യ, നിക്ഷേപക മന്ത്രാലയം പഠിക്കണമെന്ന്​ സ്പീക്കര്‍ ഡോ. ശൈഖ് അബ്​ദുല്ല ആലുശൈഖിന്റെ അധ്യക്ഷതയില്‍ ചേർന്ന കൗൺസില്‍ യോഗമാണ് ആവശ്യപ്പെട്ടത്​.

റിയാദ്​: സൗദി അറേബ്യയിലെ വിദേശികളില്‍ നിന്ന് ഈടാക്കുന്ന ലെവി കുറയ്​ക്കുന്നതിനെ കുറിച്ച് പഠനം നടത്തണമെന്ന് ശൂറ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുടേയും ആശ്രിതരുടേയും ലെവിയാണ് കുറയ്​ക്കാന്‍ ആവശ്യപ്പെട്ടത്.

വിദേശികൾക്കുള്ള ആശ്രിത ലെവിയും സ്വകാര്യസ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ള ലെവിയും കഴിഞ്ഞ വർഷം പ്രാബല്യത്തിലുണ്ടായിരുന്ന അതേ തുകയില്‍ ഈ വർഷം സ്ഥിരപ്പെടുത്തുന്ന കാര്യം വാണിജ്യ, നിക്ഷേപക മന്ത്രാലയം പഠിക്കണമെന്ന്​ സ്പീക്കര്‍ ഡോ. ശൈഖ് അബ്​ദുല്ല ആലുശൈഖിന്റെ അധ്യക്ഷതയില്‍ ചേർന്ന കൗൺസില്‍ യോഗമാണ് ആവശ്യപ്പെട്ടത്​.

നിലവില്‍ 67 ലക്ഷത്തോളം വിദേശികളാണ് സൗദിയിൽ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നത്. ഈ വര്‍ഷം മുതല്‍ സൗദികളുടെ എണ്ണത്തേക്കാള്‍ കൂടുലുള്ള വിദേശികള്‍ക്ക് പ്രതിമാസം 800 റിയാലും സൗദികളുടെ എണ്ണത്തേക്കാള്‍ കുറവുള്ള വിദേശികള്‍ക്ക് 700 റിയാലുമാണ് നേരത്തെ നിശ്ചയിക്കപ്പെട്ട പ്രതിമാസ ലെവി. കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം 600 റിയാലും 500 റിയാലുമായിരുന്നു.

2017 ജൂലൈ മുതലാണ് ആശ്രിതര്‍ക്ക് ലെവി ഏര്‍പ്പെടുത്തിയത്. അന്ന് പ്രതിമാസം 100 റിയാല്‍ വീതമാണ് അടക്കേണ്ടിയിരുന്നത്. ക്രമേണ അത് വര്‍ധിച്ചു. നിലവില്‍ പ്രതിമാസം 300 റിയാലാണ് ആശ്രിതര്‍ക്ക് അടയ്​ക്കേണ്ടത്. അടുത്ത ജൂലൈ മുതല്‍ ഇത് 400 റിയാലായി ഉയരും. എന്നാല്‍ കഴിഞ്ഞ വര്‍ഷം പ്രാബല്യത്തിലുണ്ടായിരുന്ന നിരക്കിലേക്ക് ലെവി കുറച്ച് കൊണ്ട് വരികയും അതേ നിരക്കില്‍ തന്നെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന കാര്യം ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചന നടത്തി ആവശ്യമായ പഠനം നടത്തണമെന്നാണ് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തോട് ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്​. നേരത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ലെവിയില്‍ അഞ്ച് വര്‍ഷത്തേക്ക് ഇളവ് നല്‍കിയത് ഗുണം ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

click me!