Covid variant : ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദിയില്‍ വിലക്ക്

By Web TeamFirst Published Nov 26, 2021, 10:55 PM IST
Highlights

ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കണമെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം കഴിയേണ്ടി വരും. 

റിയാദ്: കൊവിഡ് വകഭേദം(Covid variant) കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യയില്‍(Saudi Arabia) താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക(South Africa), നമീബിയ(Namibia), ബോട്‌സ്വാന(Botswana), സിംബാവെ(Zimbabwe), മൊസാംബിക്(Mozambique ), ഈസ്വതിനി( Eswatini), ലിസോത്തോ(Lesotho) എന്നീ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള സര്‍വീസുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കണമെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം കഴിയേണ്ടി വരും. 

ദക്ഷിണാഫ്രിക്കൻ കൊവിഡ് വകഭേദം യൂറോപ്പിലും, ബെൽജിയത്തിൽ ആദ്യ കേസ്; ആശങ്കയൊഴിയാതെ ലോകം

ലോകത്തെ ഭീതിയിലാക്കി ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊവിഡ് (covid 19) വകഭേദം (Coronavirus variant) യൂറോപ്പിലും കണ്ടെത്തി. ബെൽജിയത്തിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പുതിയ സാഹചര്യത്തിൽ വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. 

കൂടുതൽ അപകടകാരിയായ കൊവിഡ് വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കൂടുതൽ രാജ്യങ്ങൾ വിലക്കേർപ്പെടുത്തി. യുകെ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ജപ്പാൻ,സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് വിലക്കേർപ്പെടുത്തിയത്. 

കൊവിഡിന്‍റെ പുതിയ  വകഭേദത്തെ കുറിച്ച് ചർച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേരും.വ്യാപനശേഷിയും തീവ്രതയും കൂടിയതാണ് ഇപ്പോള്‍ കണ്ടെത്തിയ ദക്ഷിണാഫ്രിക്കന്‍ വകഭേദമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.  77  പേരിലാണ് ഇതുവരെ അവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പിന്നാലെ ബോട്സ്വാനയില്‍ മൂന്ന് കേസുകളും ഹോങ്കോങില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു. 

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് അടക്കം ഏര്‍പ്പെടുത്തി വ്യാപനത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ നടത്തുന്നത്. ദക്ഷിണാഫ്രിക്കൻ വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയില്‍ എത്തുന്നവരില്‍ പരിശോധനക്കും കര്‍ശന നിരീക്ഷണത്തിനുമാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ കൊവിഡ് രോഗികളുടെ സാമ്പിളുകള്‍, വകഭേദത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ചിരിക്കന്ന ലാബുകളിലേക്ക് അയക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ വകഭേദം സ്വഭാവിക പ്രതിരോധ ശേഷിയേയോ വാക്സിനിലൂടെ നേടിയ പ്രതിരോധ ശേഷിയോയെ മറികടക്കാൻ സാധ്യതയുണ്ടെന്ന്  ദില്ലി എയിംസിലെ ഡോ. സഞ്ജയ് റായ് പറഞ്ഞു. അങനെ സംഭവിച്ചാല്‍ അത് ഗുരതരമായി സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

click me!