കൊവിഡ് പ്രതിസന്ധി വര്‍ഷാവസാനം വരെ നീളുമെന്ന് സൗദി; രാജ്യം ചെലവ് ചുരുക്കലിലേക്ക്

By Web TeamFirst Published Apr 23, 2020, 10:53 AM IST
Highlights

ആവശ്യമെങ്കില്‍ 100 ബില്യണ്‍ റിയാല്‍ അധിക വായ്പയെടുക്കുമെന്നും അതോടെ പൊതുകടം 220 ബില്യണ്‍ റിയാലായി ഉയരുമെന്നും ധനമന്ത്രി പറഞ്ഞു.

റിയാദ്: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുണ്ടായ പ്രതിസന്ധി മാസങ്ങളോളം തുടരുമെന്നും വര്‍ഷാവസാനം വരെ നീണ്ടു പോയേക്കാമെന്നും സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍. സ്വകാര്യ മേഖല പ്രതിസന്ധിയിലായതും എണ്ണ വിലയില്‍ ഇടിവുണ്ടായതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും ചെലവു ചുരുക്കല്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. 

സാമ്പത്തിക വെല്ലുവിളി നേരിടാന്‍ ഈ വര്‍ഷം പ്രഖ്യാപിച്ച പല പദ്ധതികളും നിര്‍ത്തിവെക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യമേഖലയ്ക്ക് 4700 കോടി റിയാല്‍ അനുവദിക്കും. സ്വകാര്യ മേഖലയുടെ കുടിശ്ശിക തീര്‍ക്കാന്‍ 2300 കോടി റിയാല്‍ നീക്കി വെക്കും. കരുതല്‍ ധനത്തില്‍ നിന്ന് 120 റിയാലില്‍ അധികം പിന്‍വലിക്കേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നില്ല. ആവശ്യമെങ്കില്‍ 100 ബില്യണ്‍ റിയാല്‍ അധിക വായ്പയെടുക്കുമെന്നും അതോടെ പൊതുകടം 220 ബില്യണ്‍ റിയാലായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിസന്ധി മൂലം അടഞ്ഞു കിടക്കുന്ന സാമ്പത്തിക മേഖലയിലെ സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ പഠനം നടത്തി വരികയാണ്. വിദേശികളുടെ ലെവി ഉള്‍പ്പെടെയുള്ള ഫീസുകള്‍ ഒഴിവാക്കുകയോ കാലാവധി നീട്ടി നല്‍കുകയോ ചെയ്യുന്നതടക്കമുള്ള കാര്യങ്ങളും പരിഗണനയിലാണ്. പല ഫീസുകളും അടയ്ക്കുന്നത് നിലവില്‍ മൂന്ന് മാസത്തേക്ക് നീട്ടിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ആറോ ഒമ്പതോ മാസം വരെ നീട്ടി നല്‍കുമെന്നും സാഹചര്യം അനുസരിച്ച് ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

click me!