കൊവിഡ് 19: വിദേശികളുടെ ഇഖാമയും റീ -എന്‍ട്രിയും സൗദി നീട്ടി നല്‍കും

By Web TeamFirst Published Mar 28, 2020, 12:09 AM IST
Highlights

കൊവിഡ് വ്യാപനം മൂലം സാമ്പത്തിക രംഗത്ത് ഉണ്ടായ പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായാണ് സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ഇഖാമയും റീ -എന്‍ട്രിയും ഫൈനല്‍ എക്‌സിറ്റും മൂന്നു മാസത്തേക്ക് നീട്ടി നല്‍കാന്‍ ജവാസാത് തീരുമാനിച്ചത്.

റിയാദ്:  വിദേശികളുടെ ഇഖാമയും റീ -എന്‍ട്രിയും ഫൈനല്‍ എക്‌സിറ്റും നീട്ടി നല്‍കുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം. ലെവിയില്ലാതെ ഇഖാമ മൂന്നു മാസം പുതുക്കി നല്‍കും. ഇതിനായി ഓഫീസുകളെ സമീപിക്കേണ്ടതില്ലെന്നും അറിയിച്ചു. കൊവിഡ് വ്യാപനം മൂലം സാമ്പത്തിക രംഗത്ത് ഉണ്ടായ പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായാണ് സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ഇഖാമയും റീ -എന്‍ട്രിയും ഫൈനല്‍ എക്‌സിറ്റും മൂന്നു മാസത്തേക്ക് നീട്ടി നല്‍കാന്‍ ജവാസാത് തീരുമാനിച്ചത്.

സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നവരുടെ ഇഖാമ കാലാവധി മാര്‍ച്ച് 18 നും ജൂണ്‍ 30 നും ഇടയില്‍ അവസാനിക്കുകയാണെങ്കില്‍ ലെവി അടയ്ക്കാതെതന്നെ മൂന്നു മാസത്തേക്ക് ഇവരുടെ ഇഖാമ ജവാസാത്തു തന്നെ പുതുക്കി നല്‍കുമെന്നാണ് അറിയിച്ചത്. ഇതിനായി വ്യക്തികളോ സ്ഥാപന പ്രതിനിധികളോ ജവാസാത് ഓഫീസുകളെ സമീപിക്കേണ്ടതില്ല. ഈ സേവനങ്ങളെല്ലാം ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിര്‍, മുഖീം പോര്‍ട്ടലുകള്‍ വഴി ലഭ്യമാകും.

ഫെബ്രുവരി 25 നും മാര്‍ച്ച് 20 നും ഇടയില്‍ യാത്ര മുടങ്ങിയ വിദേശികള്‍ക്കാണ് എക്‌സിറ്റ് റീ-എന്‍ട്രി നീട്ടാനുള്ള ആനുകൂല്യം ലഭിക്കുക. മാര്‍ച്ച് 18 നും ജൂണ്‍ 30 നും ഇടയില്‍ ഇഖാമ കാലാവധി അവസാനിക്കുന്നവരുടെ നേരത്തെ ലഭിച്ച ഫൈനല്‍ എക്‌സിറ്റ് റദ്ദാക്കാനും സാധിക്കും. ഒപ്പം ഇഖാമ കാലാവധി ജൂണ്‍ 30 വരെ നീട്ടി നല്‍കുകയും ചെയ്യും. പിന്നീട് ഫൈനല്‍ എക്‌സിറ്റ് അടിക്കാന്‍ കഴിയുമെന്നും ജവാസാത് അറിയിച്ചു.

click me!