കൊവിഡ് കാലത്ത് ശമ്പളം വെട്ടികുറയ്‍ക്കാന്‍ നല്‍കിയിരുന്ന അനുമതി പിൻവലിച്ച് സൗദി അറേബ്യ

By Web TeamFirst Published Jan 16, 2021, 10:55 PM IST
Highlights

കൊവിഡ് പശ്ചാത്തലത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സ്ഥാപനങ്ങൾ നേരിട്ടത്. ഈ സാഹചര്യത്തിലാണ് സൗദി തൊഴില്‍ നിയമത്തിൽ ആര്‍ട്ടിക്കിള്‍ 41 ആയി ശമ്പളം വെട്ടിക്കുറക്കാനും അവധി നീട്ടാനും അനുവദിക്കുന്ന പുതിയ നിയമം ചേർത്തിരുന്നത്. 

റിയാദ്​: സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് കൊവിഡ് സാഹചര്യത്തിൽ ജീവനക്കാരുടെ ശമ്പളം കുറക്കാനും അവധി നീട്ടാനും നൽകിയിരുന്ന അനുമതി ഗവൺമെന്റ്​ പിൻവലിച്ചു. ഇനി കരാർ പ്രകാരം ആദ്യമുണ്ടായിരുന്ന ശമ്പളം തന്നെ നൽകണം. കൊവിഡ് പ്രത്യാഘാതം രാജ്യം അതിജയിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 

സർക്കാർ ആനുകൂല്യം വാങ്ങുന്നവർ തൊഴിലാളിയെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി പിരിച്ചു വിടരുതെന്ന് നേരത്തെ ഉത്തരവിറക്കിയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സ്ഥാപനങ്ങൾ നേരിട്ടത്. ഈ സാഹചര്യത്തിലാണ് സൗദി തൊഴില്‍ നിയമത്തിൽ ആര്‍ട്ടിക്കിള്‍ 41 ആയി ശമ്പളം വെട്ടിക്കുറക്കാനും അവധി നീട്ടാനും അനുവദിക്കുന്ന പുതിയ നിയമം ചേർത്തിരുന്നത്. അതായത്, ഇതു പ്രകാരം ജീവനക്കാരും തൊഴിലുടമകളും തമ്മിലുള്ള കരാറില്‍ താത്കാലിക മാറ്റങ്ങള്‍ വരുത്താമായിരുന്നു.

തൊഴിലാളിയുടെ ശമ്പളം വെട്ടിക്കുറക്കുകയും നിർബന്ധിത അവധി നൽകുകയും ചെയ്യാമായിരുന്നു. ഒപ്പം തൊഴിൽ സമയം കുറക്കാനും അതനുസരിച്ച്​ ശമ്പളം കുറക്കാനും അനുവാദമുണ്ടായിരുന്നു. ഈ നിയമമാണ്​ ഇപ്പോൾ പിൻവലിച്ചത്. 2020 ഏപ്രില്‍ 20ന് പ്രഖ്യാപിച്ച ഈ വകുപ്പ് ഇനിയുണ്ടാകില്ല. കരാര്‍ പ്രകാരമുള്ള പഴയ ശമ്പളം പുനഃസ്ഥാപിക്കണം. നിർബന്ധിച്ച് തൊഴിൽ സമയം കുറക്കാനോ നിർബന്ധിത അവധി നൽകാനോ പാടില്ല. കൊവിഡ് സാഹചര്യത്തിൽ പ്രതിസന്ധിയിലായ സ്ഥാപനങ്ങൾക്ക് സർക്കാർ ധനസഹായം നൽകിയിരുന്നു. ഇത് സ്വീകരിച്ച കമ്പനികൾ ജീവനക്കാരെ പിരിച്ചു വിടരുതെന്ന നിബന്ധന നേരത്തേയുണ്ട്. നിലവിൽ സാമ്പത്തിക പ്രത്യാഘാതം കുറഞ്ഞുവെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം.

click me!